കൊച്ചി: അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതി രേഖ മാര്‍ച്ച് പകുതിയോടെ തയാറാവുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹറ. കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട് സിറ്റിയിലേക്ക് നീട്ടുന്നതിന് അംഗീകാരമായെന്ന് ബെഹ്റ അറിയിച്ചു.കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ചെമ്പ് മുക്കിലും പടമുകളിലും സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സ്ഥലം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
മെട്രോയില്‍ എഐ
പുതിയ പദ്ധതികളില്‍ നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്-എഐ) സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് ബെഹ്റ പറഞ്ഞു. കാക്കനാട്ടേയ്ക്കുള്ള മെട്രോ രണ്ടാംഘട്ടം, അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടം, തിരുവനന്തപുരം മെട്രോ എന്നിവയിലെല്ലാം എഐ ഉപയോഗിക്കും. തുടക്കത്തില്‍ അഞ്ചുമേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇതിന് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎംആര്‍എല്ലും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ധാരണയിലെത്തിയിട്ടുണ്ട്. നിര്‍മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക് ചെയിന്‍ എന്നിങ്ങനെയുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതില്‍ ഉള്‍പ്പെടെ ഇവര്‍ കെഎംആര്‍എല്ലിന് ആവശ്യമായ പിന്തുണ നല്‍കും.
ടിക്കറ്റിങ്, തിരക്കുനിയന്ത്രണം, ഷെഡ്യൂള്‍ തയ്യാറാക്കല്‍ തുടങ്ങിയവയിലാണ് എഐ ഉപയോഗിക്കുക. ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കും. വാട്ടര്‍മെട്രോയിലും നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനുപുറമേ രാജഗിരി എന്‍ജിനിയറിങ് കോളേജും ഇതിന് കൊച്ചി മെട്രോയെ സഹായിക്കും.
നിലവിലെ മെട്രോ റൂട്ടില്‍ എഐ സാങ്കേതികത ഉപയോഗിക്കുന്നതിനേക്കാള്‍ ലാഭകരം പുതിയ പാതകളില്‍ ഇത് അവതരിപ്പിക്കുന്നതാണ്. നിലവിലുള്ള റൂട്ടില്‍ എഐ നടപ്പാക്കുന്നതിന് കൂടുതല്‍ ചെലവുവരും. ഇത് കണക്കിലെടുത്താണ് മെട്രോയുടെ രണ്ട്, മൂന്ന് ഘട്ടങ്ങളും തിരുവനന്തപുരം മെട്രോയുമെല്ലാം കേന്ദ്രീകരിച്ച് പദ്ധതി തയ്യാറാക്കുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.



Be the first to comment