ഉദ്ഘാടനത്തിന് തയ്യാറായി കൊച്ചി വാട്ടർ മെട്രോ; യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു

കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ വാട്ടർ മെട്രോ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നതോടെ കൊച്ചിയുടെ ഗതാഗതമേഖലയിലും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലും വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെടുക. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യവാട്ടർ മെട്രോ സർവീസാണ്. 

വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. വാട്ടർ മെട്രോ സർവീസ് രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.

15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർ മെട്രോയ്ക്കായ് 38 ജെട്ടികൾ നിർമ്മിക്കുന്നുണ്ട്. 100 പേർക്ക് ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുന്ന വാട്ടർമെട്രോ ബോട്ടുകൾ ഭിന്നശേഷി സൗഹൃദമാക്കിയും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും നിർമ്മിച്ചു നൽകുന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ്.

ഇലക്‌ട്രിക്‌–ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോ സർവീസിന്‌ ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽജനറേറ്ററും ഉപയോഗിച്ച്‌ ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്.

പൂർണമായും കേരളത്തിൽ നിർമിച്ച ബോട്ടിന് ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ “ഗുഡീസ് ഇലക്ട്രിക്ബോട്ട് അവാർഡ് “ ഇതിനോടകം വാട്ടർമെട്രോ നേടിയിട്ടുണ്ട്. ഗതാഗതക്കുരുക്കിൽപെടാതെ യാത്ര സാധ്യമാക്കാനായി കൊച്ചി വാട്ടർമെട്രോ തയ്യാറെടുക്കുമ്പോൾ രാജ്യത്തിനാകെ അഭിമാനമായും മാതൃകയായും കേരളം തല ഉയർത്തി നിൽക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*