
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന് അയ്യപ്പന് റോഡ് എന്നിവിടങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്ത് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണം. ബസ്സുകളുടെ സമയക്രമം പരിഷ്കരിക്കുന്നതിനുള്ള യോഗം നീട്ടിവച്ചതില്‍ ജസ്റ്റിസ് അമിത് റാവല്‍ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ ഉടന്‍ യോഗം ചേര്‍ന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്കി.
കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാനര്‍ജി റോഡില്‍ പാലാരിവട്ടം മുതല്‍ ഹൈക്കോടതി വരെയും സഹോദരന് അയ്യപ്പന് റോഡില്‍ വൈറ്റില മുതല്‍ പള്ളിമുക്ക് വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഈ റോഡില്‍ നിരവധി സിഗ്നല്‍ ലൈറ്റുകള്‍ ഉണ്ടെങ്കിലും സമയം കുറവായതിനാല്‍ പച്ച വെളിച്ചം തെളിഞ്ഞ് വാഹനങ്ങള്‍ നീങ്ങി തുടങ്ങുമ്പോഴേക്കും ചുവപ്പ് തെളിയും. ഇത് പരിഹരിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ നേരിട്ടിറങ്ങണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. രാവിലെ എട്ടര മുതല്‍ പത്തുമണിവരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴര വരെയും ഈ റോഡുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബസുകള്‍ തമ്മിലുള്ള സമയം കുറവായതിനാലാണു മത്സര ഓട്ടം നടക്കുന്നതെന്ന വാദം ഉയര്‍ന്നിരുന്നു. ഇതോടെ ബസുകളുടെ സമയക്രമം പരിഷ്കരിക്കുന്നത് പരിശോധിക്കാന്‍ യോഗം ചേരാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. 15 ദിവസത്തിനകം യോഗം ചേരണമെന്നായിരുന്നു ഓഗസ്റ്റ് എട്ടിന് നല്കിയ ഉത്തരവ്. എന്നാല്‍ സെപ്റ്റംബര്‍ 29ന് യോഗം ചേരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. കോടതിയില്‍ അപേക്ഷ നല്‍കാതെ ഒന്നരമാസത്തിനപ്പുറം യോഗം തീരുമാനിച്ചത് മനഃപൂര്‍വമുള്ള കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് അമിത് റാവല്‍ വിമര്‍ശിച്ചു.
Be the first to comment