കൊമ്പൻ വീണ്ടും കാടേറും ; തരുൺ മൂർത്തി മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്നു

ഇൻഡസ്ട്രി ഹിറ്റായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിനും മാറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുൺ മൂർത്തി വാർത്ത ആരാധകരെ അറിയിച്ചത്.

‘ഒരു കഥാകാരനും ഒരു ഇതിഹാസവും ഒന്നിക്കുമ്പോൾ ലോകം ഇളകി മറിയും, തുടരുമിന് ശേഷം ഞാനും ലാൽ സാറും പുതിയൊരു യാത്ര കൂടി പുറപ്പെടാൻ പോവുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ വിഷനും പേറിയാണ് ആ യാത്ര’ എന്ന ക്യാപ്ഷനോടെയാണ് തരുൺ മൂർത്തി പോസ്റ്റ് പങ്കു വെച്ചത്.

ആഷിഖ് ഉസ്മാൻ നിർമ്മാണത്തിൽ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനവും രതീഷ് രവി തിരക്കഥയും രചിച്ച് മോഹൻലാൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും പോലീസ് വേഷം കൈകാര്യം ചെയ്യുന്ന L 365 എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ ചിത്രം സംവിധാനം ചെയ്യാനിരുന്ന ഓസ്റ്റിൻ തോമസ് അല്ല നിലവിലെ സംവിധായകൻ എന്ന രീതിയിൽ റൂമറുകൾ വന്നിരുന്നു.

ആ ചിത്രത്തിലേക്ക് തന്നെയാണോ ഇപ്പോൾ തരുൺ മൂർത്തി കടന്നു വന്നിരിക്കുന്നത് എന്നത് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഒരേ നിമ്മാതാവും തിരക്കഥാകൃത്തുമാണ് തരുൺ മൂർത്തി ചിത്രത്തിന് എന്നത് ശ്രദ്ധേയമാണ്. ഏറെക്കാലത്തിന് ശേഷം മോഹൻലാലിലെ നടനെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചിത്രമെന്ന രീതിയിൽ ഏറെ പ്രശംസകൾ ആരാധകരിൽ നിന്നും തുടരും ഏറ്റുവാങ്ങിയിരുന്നു. പുതിയ ചിത്രത്തിലൂടെ മോഹൻലാലിന്റെ വേറിട്ടൊരു മുഖം തരുൺ മൂർത്തി കാണിച്ചു തരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*