കൂട്ടിക്കൽ ഉരുൾപൊട്ടൽ; 25 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സിപിഐ (എം)

കോട്ടയം:കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്ക് സിപിഐ (എം) നിർമ്മിച്ച 25 വീടുകളുടെ നിർമ്മാണ പ്രർത്തികൾ പൂർത്തിയായി. ഓരോ വീടിനും അർഹരായവരെ ശനിയാഴ്‌ച നറുക്കെടുപ്പിലൂടെ തെരത്തെടുത്തു. മന്ത്രി വി എൻ വാസവൻ നറുക്കെടുപ്പ് നിർവഹിച്ചു.സി പി ഐ (എം ) കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സി പി ഐ (എം ) കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് , ഷെമിം അഹമ്മദ്‌, തങ്കമ്മ ജോർജുകുട്ടി, അജിത അനീഷ്‌, പി കെ സണ്ണി, പി എസ്‌ സജിമോൻ എന്നിവർ പ്രസംഗിച്ചു.

കൂട്ടിക്കൽ ടൗൺ വാർഡിൽ ഉൾപ്പെട്ട തേൻപുഴയിലാണ്‌ വീടുകൾ നിർമ്മിച്ചത്‌. രണ്ടു മുറി, ഹാൾ, അടുക്കള, ശൗചാലയം, സിറ്റൗട്ട് എന്നിവ ഉൾപ്പെട്ടതാണ് ഓരോ വീടും.

വീടുകളിലേയ്ക്കുള്ള ജില്ലാ പഞ്ചായത്തിൻ്റെ റോഡ് നേതൃത്വത്തിൽ 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച്‌ കോൺക്രീറ്റു ചെയ്യാൻ നടപടിയായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച്‌ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. രണ്ടു കുഴൽക്കിണറുകളിൽ നിന്നും വെള്ളം പമ്പു ചെയ്ത് ഓവർ ഹെഡ് ടാങ്കിലെത്തിച്ച് കുടിവെള്ളം ലഭ്യമാക്കും.

സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ പാർടി അംഗങ്ങളിൽ നിന്നുമുള്ള പണം ഉപയോഗിച്ചാണ് വീട്‌ നിർമാണത്തിനുള്ള രണ്ടേക്കർ പത്ത് സെന്റ്‌ സ്ഥലം വാങ്ങിയത്. കോട്ടയം ജില്ലാ കമ്മിറ്റി വർഗ ബഹുജന സംഘടനകളുടെ സഹകരണത്തോടെയാണ് വീടുകൾ പൂർത്തീകരിച്ചത്. വീടുകളുടെ ഔപചാരികമായ കൈമാറ്റം നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
2022 ഫെബ്രുവരി 22 ന് ഏന്തയാർ ജെ ജെ മർഫി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഭവന സമുച്ചയത്തിന് തറക്കല്ലിട്ടത്. കൂട്ടിക്കൽ ഉരുൾപൊട്ടലിന്‌ തിങ്കളാഴ്ച രണ്ടു വർഷം തികയുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*