കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; NIA അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് കുടുംബം

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് കുടുംബം. കൂടുതൽ പെൺകുട്ടികൾ റമീസിന്റെ വലയിൽ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതി ഡിജിപിക്ക് നേരിട്ട് കൈമാറുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയെന്ന് സഹോദരൻ പറഞ്ഞു.

എൻഐഎ അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷ. പ്രതിയുടെ കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നും മറ്റേതെങ്കിലും പെൺകുട്ടിയെ മത പരിവർത്തനം നടത്താൻ ശ്രമിച്ചോ എന്നും അന്വേഷിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. നീതി കിട്ടാനായി നിയമപരമായ പിന്തുണ നൽകുമെന്ന് സുരേഷ് ഗോപി നൽകാമെന്ന് ഉറപ്പ് നൽകിയതായി സഹോദരൻ പറഞ്ഞു.

ലൗ ജിഹാദ് ആരോപണം തള്ളിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേസ് എൻഐഎക്ക് വിടുന്നതിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് പ്രതികരിച്ചു. പ്രതി റമീസിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തേക്കും. റമീസിന്റെ മാതാപിതാക്കൾ നിലവിൽ പൊലീസ് നിരീക്ഷണത്തിലെന്ന് സൂചന.ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി.

പെൺകുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തുനൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്നാണ് ആരോപണം.

Be the first to comment

Leave a Reply

Your email address will not be published.


*