കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ലവ് ജിഹാദ് ആണെന്ന ബിജെപി വാദം പൊളിച്ച് പോലീസ് കുറ്റപത്രം. നിർബന്ധിത മതപരിവർത്തനത്തിന് തെളിവുകളില്ലെന്നും പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടിയുടെ ആൺ സുഹൃത്ത് റമീസിനെയും മാതാപിതാക്കളെയും പ്രതികളാക്കിയുള്ള കുറ്റപത്രം മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ കോടതിയിൽ സമർപ്പിക്കും.
ലവ് ജിഹാദ് ആണ് പെൺകുട്ടിയുടെ ജീവനെടുത്തതെന്നായിരുന്നു ബിജെപിയുടെ വാദം. ഇതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിലൂടെ പൊളിഞ്ഞത്. നിർബന്ധിത മതപരിവർത്തനത്തിന് തെളിവുകളില്ലെന്നും പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. പെൺകുട്ടിയും ആൺ സുഹൃത്തായ റമീസും തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ട്. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിൽ പലപ്പോഴായി റമീസ് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. പിന്നീട് പിന്മാറിയതിനെ തുടർന്നുണ്ടായ നിരാശയാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
കേസിൽ ആകെ 55 സാക്ഷികളാണുള്ളത്. നേരത്തെ വിഷയത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആൺസുഹൃത്തിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന കുറിപ്പും കണ്ടെത്തിയിരുന്നു.



Be the first to comment