ബിന്ദുവിൻ്റെ കുടുംബത്തിന് നാഷണൽ സർവീസ് സ്‌കീമിന്റെ കൈത്താങ്ങ്; വീട് നവീകരിച്ച് നൽകും

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം വീണ് മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നവീകരിച്ചു നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യം അറിയിച്ചത്.

നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗംതന്നെ വേണ്ട നടപടികൾ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി നാഷണൽ സർവീസ് സ്കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുകയും ചെയ്യുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

കുടുംബത്തിൻ്റെ തീരാവേദനയിൽ പങ്കുചേരുന്നതായി വിശ്രുതനെ അറിയിച്ചു. മകൾ നവമിയുടെ ചികിത്സയും മകൻ നവനീതിൻ്റെ തുടർപഠനവും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിന് വിവിധ കോണുകളിൽ നിന്ന് ഇങ്ങനെ വന്നെത്തുന്ന കൈത്താങ്ങുകൾക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീം ഏറ്റെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*