
കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ഉടന്‍ മാറ്റണമെന്ന മന്ത്രിതല യോഗത്തിലെ തീരുമാനം നടപ്പായില്ല. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റണമെന്നായിരുന്നു തീരുമാനം. മെയ് 30ന് ആണ് മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും പങ്കെടുത്ത യോഗം നടന്നത്. ഉദ്യോഗസ്ഥ വീഴ്ച വ്യക്തമാക്കുന്ന രേഖ ട്വന്റിഫോറിന് ലഭിച്ചു.
കോട്ടയം മെഡിക്കല്‍ കോളജിന്റെ വികസന/നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് മേയ് 30, വെള്ളിയാഴ്ച വൈകിട്ട് 5.30ന് യോഗം ചേര്‍ന്നത്. മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് യോഗം ചേര്‍ന്നത്. 1962ല്‍ സ്ഥാപിതമായ കെട്ടിടം അപകടകരമായ അവസ്ഥയിലാണെന്നും അത് പൊളിച്ചു നീക്കേണ്ടതാണെന്നും പിഡബ്ല്യുഡി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഹൈവേ റിസർച്ച് സൊസൈറ്റി, ഊരാളുങ്കൽ സർവീസ് സൊസൈറ്റി സ്റ്റാന്റേര്‍ഡ് ലാബ് ആയ മാറ്റര്‍ ലാബ് പതോളജി ലാബ് എന്നിവ അറിയിച്ചിരുന്നതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചിരുന്നു.
ഇ.എഫ്.ജി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളും എത്രയും വേഗം പുതുതായി പണി കഴിപ്പിച്ച സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റുക, സര്‍ജിക്കല്‍ ബ്ലോക്കിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്തു നില്‍ക്കാതെ പൂര്‍ത്തിയാകുന്ന ഇടങ്ങളിലേക്ക് അതതു വിഭാഗങ്ങള്‍ മാറ്റുക, ഇ.എഫ്.ജി ബ്ലോക്ക് പൊളിച്ചു മാറ്റുന്നതിനുള്ള രേഖകള്‍ PWD എത്രയും വേഗം തയ്യാറാക്കി നല്‍കുകയും അതിനുള്ള നടപടികള്‍ എടുക്കുകയും ചെയ്യുക എന്നിങ്ങനെയായിരുന്നു യോഗത്തിലെ നിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്ന് മന്ത്രിമാര്‍ PWD, HITES, KMSCL എന്നിവര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കിയതായും മിനുട്സില്‍ വ്യക്തമാക്കുന്നുണ്ട്.
Be the first to comment