കടുത്തുരുത്തിയിലേക്ക് സ്വാഗതം; ജോസ് കെ. മാണിയെ മത്സരിക്കാൻ ക്ഷണിച്ച് മോൻസ് ജോസഫ് എംഎൽഎ

കോട്ടയം: കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസ് കെ.മാണിയെ ക്ഷണിച്ച് മോൻസ് ജോസഫ് എംഎൽഎ. ജോ സ് കെ. മാണിയല്ല ആര് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടുമെന്നും കേരളത്തിൽ യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ മാ ത്രം യുഡിഎഫ് സ്ഥാനാർഥി പന്ത്രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളിലേക്ക് കൊണ്ടുവരാൻ യുഡിഎഫ് പ്രവർത്തനം ആരംഭി ച്ചു കഴിഞ്ഞു.

കടുത്തുരുത്തി ബൈപ്പാസിൻ്റെ നിർമാണം താൻ ഇടപെട്ട് വൈകിപ്പിക്കുന്നുവെന്ന കേരള കോൺഗ്രസ്-എമ്മിന്റെ ആരോപണവും എംഎൽഎ തള്ളിക്കളഞ്ഞു. വസ്‌തുതയില്ലാത്ത ആരോപണങ്ങളാണിതെന്നും താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി അഞ്ച് കോടി രൂപ കടുത്തുരുത്തി ബൈപ്പാസിന് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയ്ഡഡ് മേഖലയിലെ ഭിന്നശേഷി വിഷയത്തിൽ സർ ക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചകൾക്ക് വഴിതുറക്കണം. പ്രശ്ന‌ പരിഹാരത്തിന് മുതിരാതെ ക്രിസ്‌ത്യൻ മാ നേജ്മെന്റുകളെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിക്കുന്നത്. ഭിന്നശേഷി ഒഴിവുകൾ നികത്താൻ മാനേജ്‌മെൻ്റുകൾ തയാറാകുന്നില്ലെന്ന പൊതു വിദ്യാഭ്യാസ മന്ത്രിയുടെ വാദം ബാലിശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പതിനാറായിരത്തോളം അധ്യാപകരാണ് ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ ബുദ്ധിമുട്ടുന്നത്. സർക്കാരാണ് ഇത് പരിഹാരമുണ്ടാക്കേണ്ടത്. സുപ്രീം കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കഴിഞ്ഞു. എന്നും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

നിയമനം അംഗീകരിക്കപ്പെട്ട അധ്യാപകർ പോലും ദിവസ വേതനക്കാരായി ജോലി ചെയ്യേണ്ട ഗതികേടിലാണെന്നും സർക്കാരിൻ്റെ എയ്‌ഡഡ് സ്‌കൂൾ മാനേജ്മെന്റുകളെ തകർക്കാനുള്ള നീക്കത്തിനെതിരേ കേരള കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*