
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ഇവാഞ്ചിലിക്കൽ സഭ ബിഷപ്പ് അറസ്റ്റിൽ. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ഇയാൾ കബളിപ്പിച്ചത്. യുവാവിൽ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്നാണ് യുവാവ് പരാതി നൽകിയത്. ചിങ്ങവനം പൊലീസ് ആണ് പ്രതി കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണർകാട്, തൃശ്ശൂർ സ്റ്റേഷനുകളിൽ കേസുണ്ട്.
മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന പ്രതി, സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ കോട്ടയം കുറിച്ചി സ്വദേശിയിൽ നിന്നും അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ രണ്ടരലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട് ഒന്നും അറിക്കാതെ വന്നതോടെ കുറിച്ചി സ്വദേശി പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു ഫോൺ നമ്പരിൽ നിന്നും പരാതിക്കാർ സന്തോഷ് പി.ചാക്കോയെ ഫോണിൽ ബന്ധപ്പെട്ടു. ഇത് അനുസരിച്ച് ഇയാൾ കുറിച്ചി ഭാഗത്ത് എത്തി. ഈ സമയം സന്തോഷിനെ ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെയും, എസ്.ഐ വിഷ്ണുവിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Be the first to comment