കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനസ്ഥിതിയും ഉണ്ടാകണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനസ്ഥിതിയും ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്.

സമൂഹത്തില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുന്ന കുടുംബ പ്രശ്നങ്ങള്‍, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ അവബോധത്തോടൊപ്പം സഹായ ഹസ്തവും ഒരുക്കുവാന്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധങ്ങളിലെ ഊഷ്മളത നിലനിര്‍ത്തുന്നതോടൊപ്പം മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് വഴിവിളക്കായി മാറുവാനും ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ചിക്കാഗോ രൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് മുളവനാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എക്‌സ് എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ഇടയ്ക്കാട്ട് ഫൊറോന വികാരി റവ. ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്.ജെ.സി, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ സിസ്റ്റര്‍ ലിസ്സി ജോണ്‍ മുടക്കോടിയില്‍, അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, അതിരൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിസ്‌മോന്‍ മഠത്തില്‍, അതിരൂപത യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍, അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍ പ്രസിഡന്റ് ജോസ്‌മോന്‍ പുഴക്കരോട്ട്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്, ബോണ്ടിംഗ് ഫാമിലീസ് കാനഡ റീജിയണ്‍ പ്രതിനിധി അനീറ്റ മാത്യു മേലാണ്ടശ്ശേരില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പൊതുസമ്മേളനത്തോടനുബന്ധിച്ച് കൗണ്‍സിലിംഗ്, നിയമ സഹായം, ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി വിഭാവനം ചെയ്തിരിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍സ് പാനല്‍ ലിസ്റ്റ് പ്രകാശന കര്‍മ്മവും നടത്തപ്പെട്ടു. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൗണ്‍സിലിംഗ് സേവനം, നിയമ സഹായം, അവബോധ പരിപാടികള്‍, ജോലി സാധ്യതകളുടെ പ്രയോജനപ്പെടുത്തല്‍, അടിയന്തിര സഹായം, വ്യക്തികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടിയുള്ള സഹായ സാധ്യതകളുടെ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിരൂപത സന്ന്യാസ സമൂഹങ്ങളുടെയും, ഫാമിലി, ടെമ്പറന്‍സ്, യൂത്ത്, ജാഗ്രത കമ്മീഷനുകളുടെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്വവും പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*