ഭരണഘടനയിലെ അവകാശങ്ങൾ ഒരു ഭരണകൂടത്തെ കൂടെക്കൂടെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് പൗരന്മാരുടെ ദൗർഭാഗ്യമാണെന്ന് പാലാ രൂപത ബിഷപ്പ് ; മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം : ഭരണഘടനയിലെ അവകാശങ്ങൾ ഒരു ഭരണകൂടത്തെ കൂടെക്കൂടെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് പൗരന്മാരുടെ ദൗർഭാഗ്യമാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .ഭരണഘടന സ്വാതന്ത്ര്യത്തിൻ്റേതായ അവകാശങ്ങൾ നൽകുന്നു. ആർട്ടിക്കിൾ 25 നൽകുന്ന മതസ്വാതന്ത്ര്യം ഇന്ത്യൻ മതേതരത്വത്തിന്റെ ആണിക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം സഭ നേരിട്ട് കക്ഷിരാഷ്ട്രീയത്തിൽ ഇടപെടില്ലെങ്കിലും സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെന്നും എന്നാൽ രാഷ്ട്രീയക്കാരാകാതെ രാഷ്ട്രീയക്കാരെയും രാഷ്ട്രത്തെയും പഠിപ്പിക്കുവാനുള്ള ധാർമിക ഉത്തരവാദിത്തമാണ് നമുക്കുള്ളതൊന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.

ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ ബിജെപി ഭരണകൂടം അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതിനെതിരെ പാലാ രൂപതയുടെ പ്രതിഷേധ റാലിക്ക് നേതൃത്വം കൊടുത്ത മാർ കല്ലറങ്ങാട്ട് പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

മതസ്വാതന്ത്ര്യം തടയുന്നത് പെട്രോൾ ടാങ്കിന് മുമ്പിൽ നിന്ന് തീപ്പെട്ടിയുരയ്ക്കുന്നതുപോലെ അപകടമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ക്രൈസ്തവർ ഈ രാജ്യത്ത് അംഗബലം കൊണ്ട് ശക്തരല്ലായിരിക്കാമെന്നും പക്ഷേ, മൂല്യങ്ങൾ കൊണ്ട് വലിയ സ്വാധീന ശക്തിയുള്ളവരാണെന്നും ചൂണ്ടിക്കാട്ടി. രണ്ട് സന്യാസിനികൾ ഇന്ത്യയെ മുഴുവൻ ഇളക്കിമറിച്ചിരിക്കുന്നു. കേരളവും പാലായും പൂർണമായും ഇളകി മറിഞ്ഞു കഴിഞ്ഞു. ഭാരതത്തിലെ പ്രത്യേകിച്ച്, കേരളത്തിലെ ക്രൈസ്തവ സമൂഹം അവരുടെ തടവറയിൽ നിന്നും അലസതയിൽ നിന്നും പുറത്തു വന്നിരിക്കുന്ന അവസരമാണിതെന്നു പറഞ്ഞ മാർ ജോസഫ് കല്ലറങ്ങാട്ട് സുവിശേഷത്തിൽ നിന്നോ സുവിശേഷം ആവശ്യപ്പെടുന്ന മാനവ സ്നേഹത്തിൽ നിന്നോ നാം ഒരടി പോലും പിന്നോട്ട് പോകില്ലെന്നും സുവിശേഷം അറിയിക്കുന്നതിൽ നിന്നും ഒരു നിമിഷം പോലും മാറിനിൽക്കുകയില്ലെന്നും ഉറച്ച സ്വരത്തിൽ വ്യക്തമാക്കി.
പാലാ രൂപതയുടെ ബിഷപ്പ് എമരിറ്റസ് വന്ദ്യവയോധികനായ മർ ജോസഫ് പള്ളിക്കാപറമ്പിലും പ്രതിഷേധ ജപമാല പ്രദക്ഷിണത്തിന് മാർ കല്ലറങ്ങാട്ടിനൊപ്പം നേതൃത്വം നൽകി.

ഷംഷാബാദ് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് കണിയോടിക്കൽ മോൺ.ജോസഫ് മലേപറമ്പിൽ മോൺ. ജോസഫ് തടത്തിൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, രൂപത പ്രൊക്യുറേറ്റർ ഫാ. ജോസഫ് മുത്തനാട്ട്, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോസഫ് പാലയ്ക്കപ്പറമ്പിൽ,രൂപതയിലെ വിവിധ സംഘടനയുടെ നേതാക്കൾ, ഫൊറോന വികാരിമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*