യുകെയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ കേസില്‍ കോട്ടയം സ്വദേശികളായ രണ്ടു പേർ പിടിയില്‍

 യുകെയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ കേസില്‍ 2 പേര്‍ പിടിയില്‍. അരിമ്പൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കോട്ടയം ഏറ്റുമാനൂര്‍ നീലിമംഗലം സ്വദേശി കൃഷ്ണകൃപാസാഗരം വീട്ടില്‍ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടില്‍ അനൂപ് വര്‍ഗീസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വേലോമാക്സ് ഏജന്‍സിയുടെ നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികള്‍ എന്ന് പോലീസ് പറയുന്നു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. രഞ്ജിതയെ കൊച്ചി ഇടപ്പള്ളിയില്‍ നിന്നും അനൂപിനെ കോട്ടയത്തുനിന്നുമാണ് പോലീസ് പിടികൂടിയത്.

യുകെയില്‍ കെയര്‍ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി ശ്രമിച്ചിരുന്ന പരാതിക്കാരി നിരവധി ഏജന്‍സികളിലേക്ക് സിവി അയച്ചിരുന്നു. ഇടപ്പള്ളി ദേവന്‍കുളങ്ങര ചങ്ങമ്പുഴ പാര്‍ക്ക് റോഡിലുള്ള വേലോമാക്സ് ഏജന്‍സി നടത്തിയിരുന്ന പ്രതികള്‍ യുകെയില്‍ ജോലി ഒഴിവുണ്ടെന്നു അറിയിച്ച് യുവതിയെ സമീപിക്കുകയായിരിന്നു. 2023 സെപ്റ്റംബര്‍ 23 മുതല്‍ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് പരാതിക്കാരി പ്രതികള്‍ക്ക് പണം കൈമാറിയത്. എന്നാല്‍ ഏറെ നാള്‍ കാത്തിരുന്നിട്ടും യുവതിക്ക് വിസ ലഭിച്ചിരുന്നില്ല. ഈ അടുത്താണ് തെറ്റായി രേഖകള്‍ നല്‍കിയതിന് പത്ത് കൊല്ലത്തേക്ക് യുകെയിലേക്ക് പോകുന്നത് വിലക്കി എന്നറിയിച്ചുകൊണ്ടുള്ള ഇ-മെയില്‍ യുവതിക്ക് ലഭിച്ചത്. താന്‍ പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി പരാതി നല്‍കുകയായിരുന്നു.

അതേസമയം, അറസ്റ്റിലായ രഞ്ജിത എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിലും തൃശ്ശൂര്‍, ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലും ഓരോ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*