കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി ഉയർന്നതിനെത്തുടർന്ന് ആശുപത്രി പരിസരത്ത് കനത്ത ജാഗ്രതയും പരിശോധനയും തുടരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും ഇമെയിൽ വഴി സ്ഫോടനമുണ്ടാക്കുമെന്ന സന്ദേശം ലഭിച്ചതോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രിൻസിപ്പൽ കൈമാറിയ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് ഒപി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും പരിശോധന നടത്തിവരികയാണ്.
സുരക്ഷാ നടപടികൾ ശക്തമാക്കി ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ സിഐയുടെ നിർദേശപ്രകാരം പോലീസ് സംഘം കർശനമായ പരിശോധന ആരംഭിച്ചു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നിലവിൽ പരിശോധനകൾ ഏകോപിപ്പിക്കുന്നത്. ആശുപത്രിയിലെ ഓരോ ഭാഗവും പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മെഡിക്കൽ കോളജ് സിഐ പ്രതികരിച്ചു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിയന്ത്രണം ഭീഷണിയുടെ പശ്ചാത്തലത്തിൽ ആശുപത്രി പരിസരത്ത് സുരക്ഷാ സംവിധാനങ്ങൾ പൂർണമായും വർധിപ്പിച്ചു. നിലവിൽ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവരെ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇവരുടെ കൈവശമുള്ള ബാഗുകളും മറ്റ് സാധനസാമഗ്രികളും പൊലീസ് ഉദ്യോഗസ്ഥർ കർശനമായി പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളജ് പോലുള്ള തിരക്കേറിയ സ്ഥലത്ത് ഉണ്ടായ ഈ ഭീഷണി രോഗികൾക്കിടയിലും ബന്ധുക്കൾക്കിടയിലും വലിയ രീതിയിലുള്ള ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് പുറമെ അതീവ ജാഗ്രതയോടെയുള്ള പരിശോധനകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.



Be the first to comment