കോഴിക്കോട്ടെ യുഡിഎഫ് മേയർ സ്ഥാനാർഥി വി എം വിനുവിന് വോട്ടില്ല; കോടതിയെ സമീപിക്കാൻ നീക്കം

തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫിന് തിരിച്ചടി. കോർപറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റിൽ നിന്ന് പേര് നീക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും കോൺഗ്രസ് നേത്യത്വം ആരോപിച്ചു.

ഇതിനിടെ വി എം വിനു ഡിസിസിയിൽ എത്തി. 45 വർഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും ഇതൊരു ജനാധിപത്യ രാജ്യമാണോ എന്നും വിനു ചോദിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും എനിക്ക് വോട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. ഒരു വോട്ടും നഷ്ടപ്പെടുത്തരുത് എന്ന് പണ്ട് അച്ഛൻ പറഞ്ഞിട്ടുണ്ട്. അത് താൻ ഇതുവരെ കാത്തു സൂക്ഷിച്ചിട്ടുണ്ട്. മത്സരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഫോൺ കോളുകൾ തനിക്ക് വന്നു. ഈ നഗരത്തിന്റെ സമഗ്രമായ മാറ്റമാണ് താൻ ആഗ്രഹിച്ചത്. ഇവിടെ നിയമമുണ്ട് കോടതി തന്നെ സംരക്ഷിക്കും. തന്റെ വാർഡിൽ മാത്രമല്ല മുഴുവൻ വാർഡുകളിലും താൻ പ്രചാരണത്തിന് ഇറങ്ങുമെന്നും വി എം വിനു പ്രതികരിച്ചു.

അതേസമയം, ഇതൊരു അസാധാരണമായ സംഭവമാണെന്നാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പ്രതികരിച്ചത്. വിഎം വിനു കോഴിക്കോട് നഗരത്തിൽ ജനിച്ച് വളർന്നയാളാണ്. അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നെയില്ല. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആളാണ്‌ വി എം വിനു . വ്യാപകമായ ക്രമക്കേട് നടക്കുന്നു എന്ന് കോൺഗ്രസ് പറഞ്ഞതിന്റെ ഉദാഹരണം ആണിതെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*