കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍; എ കെ ആന്റണിയും പട്ടികയില്‍

കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് 17 അംഗങ്ങള്‍.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കം, പ്രചാരണം, സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ കോര്‍കമ്മിറ്റി കൂടിയാലോചനകള്‍ നടത്തും. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ യോഗത്തില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ കെപിസിസി തയ്യാറാക്കിയ പ്ലാനും ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി.

കോര്‍കമ്മിറ്റി ആഴ്ച്ചതോറും യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങളെടുക്കും. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലില്‍ കൂടിയാണ് കോര്‍കമ്മിറ്റി രൂപീകരിച്ച് ചുമതല ഏല്‍പ്പിച്ചത്. കെപിസിസി പ്രസിഡന്റിനും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും പുറമെ ഇക്കഴിഞ്ഞ പുനഃസംഘടനയില്‍ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറല്‍ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*