
തൃശൂർ: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തുണ്ടായ മാറ്റം സംബന്ധിച്ചും കെ. സുധാകരൻ വിഷയത്തിലും പരസ്യ പ്രതികരണത്തിനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു നടപടിക്കും താനില്ലെന്നും പാർട്ടി കാര്യങ്ങളിൽ അഭിപ്രായം പറയാൻ നിലവിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകർ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയമാണ്. അതിനുശേഷം നിയമസഭ തെരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. ഈ ഘട്ടത്തിൽ പാർട്ടി പ്രവർത്തകരുടെ മനസിനെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിനും താനില്ലെന്ന് ചെന്നിത്തല തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്ഥാനമൊഴിഞ്ഞ കെ. സുധാകരൻ മികച്ച പ്രസിഡൻ്റായിരുന്നുവെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അടുത്ത ഭരണം യുഡിഎഫിന് എന്ന് വ്യക്തമാക്കുന്ന പുനഃസംഘടനയാണ് ഇപ്പോൾ നടന്നതെന്നും, ഹൈക്കമാൻഡ് തീരുമാനം പാർട്ടിക്ക് ഗുണകരമാണെന്നും അദ്ദേഹം വിലയിരുത്തി. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡൻ്റ് ആക്കിയത് പാർട്ടി പ്രവർത്തകരുടെ ആഗ്രഹം അനുസരിച്ചുള്ള തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Be the first to comment