രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യം; ചിരിച്ചുതള്ളി മറ്റ് ഭാരവാഹികൾ

ലൈംഗികാരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യം. രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് എ ഗ്രൂപ്പുകാരനായ ഭാരവാഹി ആവശ്യമുന്നയിച്ചത്.

പുനഃസംഘടനക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യ യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനായി വാദമുയർന്നത്. ആരോപണ വിധേയരെ സിപിഐഎം പാർട്ടി പദവികളിൽ തിരികെ കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയർത്തിയത്. എന്നാൽ അഭിപ്രായത്തിന് പിന്തുണയുണ്ടായില്ല. മറ്റു ഭാരവാഹികൾ അഭിപ്രായം ചിരിച്ചുതള്ളി. ഐക്യ ആഹ്വാനം നൽകിയാണ് യോഗം അവസാനിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകൾ ജീവന്മരണ പോരാട്ടം എന്നും ഐക്യം മറന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും നേതാക്കൾ ഓർമ്മപ്പെടുത്തി.

അതേസമയം, എസ്.ഐ.ആറിനെ എതിർക്കുമ്പോഴും വോട്ട് ചേർക്കാനും യോഗത്തിൽ തീരുമാനമായി. കോൺഗ്രസിന് വോട്ടുകൾ വെട്ടി പോകാതിരിക്കാൻ ജാഗ്രത കാട്ടണമെന്ന് നിർദേശമുയർന്നു. വിഷയത്തിൽ പാർട്ടി ഉപസമിതിക്കും ആലോചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ എസ്ഐആർ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനും ശ്രമം നടത്തും. ജില്ലകളുടെ ചുമതലകൾ വൈസ് പ്രസിഡൻ്റുമാർക്ക് നൽകാനും ആലോചനയുണ്ട്. നിലവിൽ ജനറൽ സെക്രട്ടറിമാർക്കാണ് ചുമതല. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൻ കെപിസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*