‘കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതുണ്ടോ’?; മുതിർന്ന നേതാക്കളെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി

കെപിസിസി അധ്യക്ഷ മാറ്റത്തിൽ മുതിർന്ന നേതാക്കളെ ബന്ധപ്പെട്ട് രാഹുൽ ഗാന്ധി. മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ളവരെ ഫോണിൽ വിളിച്ചു. കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതുണ്ടോ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. സുധാകരനെ മാറ്റേണ്ടതില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻമാരടക്കം ഒരു വിഭാഗം നേതാക്കൾ അറിയിച്ചു.

പുതിയ കെ പിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡിന്‍റെ തീരുമാനം. കെപിസിസി പ്രസിഡന്റ് മാറ്റ ചര്‍ച്ചകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരണവുമായി കെ സുധാകരനും രംഗത്തുവന്നിരുന്നു. പറയേണ്ട ദിവസം നാളെകഴിഞ്ഞ് വരുമെന്നാണ് സുധാകരന്‍ പറഞ്ഞത്. മാധ്യമങ്ങളോട് കുശലം പറഞ്ഞുകൊണ്ട് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. ഭക്ഷണം കഴിച്ചോ മക്കളേ എന്നായിരുന്നു മാധ്യമങ്ങളോടുള്ള കുശലാന്വേഷണം.

അതേസമയം, കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ കുഴഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. കെ സുധാകരനെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി അനുനയിപ്പിക്കാനുള്ള ആലോചനയും പാര്‍ട്ടിയിലുണ്ട്. ഇതിനിടെ കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്തത് ഘടകകക്ഷികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*