കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമെന്നും സണ്ണി ജോസഫ് പറഞ്ഞു. താൻ അറിയാത്ത കാര്യമാണ് ശബരിനാഥന്റെ സ്ഥാനാർഥിത്വമെന്നും കാര്യങ്ങൾ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊള്ളുമെന്നും അദേഹം കൂട്ടിച്ചേർത്തു.
തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന കെ മുരളീധരൻ കെഎസ് ശബരീനാഥൻ തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. കവടിയാർ വാർഡിൽ ശബരീനാഥൻ മത്സരിക്കുമെന്നായിരുന്നു മുരളീധരൻ അറിയിച്ചിരുന്നത്. കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും അദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ശബരീനാഥന്റെ സ്ഥാനാർഥിത്വത്തിൽ കെപിസിസി പ്രസിഡന്റ് പ്രതികരിച്ചിരിക്കുന്നത്.
കേരളത്തെ അതിദ്രാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച സർക്കാർ നടപടിയെയും സണ്ണി ജോസഫ് വിമർശിച്ചു. അതിദ്രാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം തിരഞ്ഞെടുപ്പ് കുതന്ത്രമെന്ന് അദേഹം കുറ്റപ്പെടത്തി. നിലവിൽ ഉള്ള ആനുകൂല്യങ്ങൾ കൂടി ഇല്ലാതാക്കുമെന്നും സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കെതിരെ പ്രചാരണം നടത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.



Be the first to comment