‘ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം’, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തള്ളാതെ സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തക്കസമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തി വരികയാണ്, ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകും. ഇക്കാര്യം കൃത്യമായി അറിയിക്കും. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ‍തീരുമാനം എന്തായാലും എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും നടപടി. ഉചിതമായ തീരുമാനം അതിന്റേതായ സമയത്ത് ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാഡ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തേടിയിരുന്നു. പൊതു നിലപാടിന് ഒപ്പം നില്‍ക്കും എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. എന്നാല്‍ രാഹുലിന് എതിരെ ഒരു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ അദ്ദേഹം ഒറ്റപ്പെട്ട നിലയാണെന്നാണ് റിപ്പോര്‍ട്ട്

രാജിക്കാര്യത്തില്‍ ഇന്നു വൈകീട്ടോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉണ്ടായേക്കും. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുസ്ലിം ലീഗിനും കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനു പിന്നാലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ജോസഫ് വാഴയ്ക്കനും രാഹുലിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഴുപ്പ് കോണ്‍ഗ്രസ് ചുമക്കേണ്ടതില്ലെന്നാണ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളായ ഉമ തോമസ് എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരും രാജിക്കായി രംഗത്തെത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*