
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍. ഡോക്ടര്‍ ശശി തരൂരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയ്ക്ക് തരൂര്‍ സഹകരണം വാഗ്ദാനം ചെയ്തു.
കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ എന്നിവര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന്റോ ആന്റണി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നില്‍ സുരേഷ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍, ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ദീപ ദാസ് മുന്‍ഷിയുമാണ് കൂടിക്കാഴ്ച നടത്തുക. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി പുനഃസംഘടന പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഒന്‍പത് ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് മാറ്റം ഉണ്ടാകുമെന്നാണ് സൂചനകള്‍. കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍, എറണാകുളം അധ്യക്ഷന്‍മാര്‍ക്കും മാറ്റം ഉണ്ടാകില്ല. മലപ്പുറം, കോഴിക്കോട് അധ്യക്ഷന്‍മാരെയും മാറ്റേണ്ടതില്ല എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
Be the first to comment