തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണം, കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെ.പി.സി.സി

കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെപിസിസി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെ കുറിച്ച് കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങളിൽ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചു. ചില മാറ്റങ്ങളും നിർദ്ദേശിച്ചു.

നേതൃത്വത്തിനെതിരെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. വയനാട് പുതിയ ഡിസിസി അധ്യക്ഷനെ നിയമിക്കുന്നതിന് മുമ്പ് കൂടിയാലോചന ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചക്ക വോട്ടിന് തോറ്റവരെ ജനറൽ സെക്രട്ടറിമാരാക്കി എന്നും വിമർശനം.

തിരഞ്ഞെടുപ്പ് നേരിടാൻ സംസ്ഥാന നേതൃത്വം തയാറാക്കിയ പ്ളാനിൽ എഐസിസി മാറ്റങ്ങൾ നിർദ്ദേശിച്ചു. ഒരുമിച്ച് നീങ്ങണമെന്ന് എഐസിസി.അറിയിച്ചു. ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാൻ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനും നിർദേശം നൽകി. ശബരിമലയിലെ സ്വർണപ്പാളി വിവാദം താഴെതട്ടിൽ സർക്കാരിനെ എതിരാക്കിയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. നിയമസഭാതെരഞ്ഞെടുപ്പിൽ UDF ന് അനുകൂല സാഹചര്യമെന്ന് നേതൃത്വം അറിയിച്ചു.

അതേസമയം കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിൽ കെപിസിസി അധ്യക്ഷന്റെ പ്രവർത്തന ശൈലിയിൽ അമർഷം രേഖപ്പെടുത്തി നേതാക്കൾ. പ്രസിഡന്റ് പാർട്ടിയിൽ വിഷയങ്ങൾ കൂടിയാലോചന നടത്തുന്നില്ലെന്നും രാഷ്‌ട്രീയകാര്യ സമിതിയും കെപിസിസി യോഗങ്ങളും നടക്കുന്നില്ലെന്നുമാണ് വിമർശനം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിയാകുമ്പോഴും കെ.പി.സി.സി.സെക്രട്ടറിമാരായില്ല. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തമ്മിലും ആശയവിനിമയമില്ലെന്നും നേതാക്കൾ ഹൈക്കമാൻഡിന് മുന്നിൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*