കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ബർമിങ്ങാം ബഥേൽ കൺവൻഷൻ സെന്ററിൽ ഇന്ന് മുതൽ

ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾക്ക് ബർമിങ്ങാം ബഥേൽ കൺവൻഷൻ സെന്ററിൽ ഇന്ന് തുടക്കമാകും. കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് നേതൃത്വം നൽകാൻ കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതല ലണ്ടനിൽ എത്തിച്ചേർന്നു. കൃപാസനം മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ റവ. ഡോ. ജോസഫ് വലിയവീട്ടിൽ ഇന്ന് മാഞ്ചസ്റ്ററിൽ എത്തും. ബർമിങ്ങാം ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം ഇന്നും നാളെയുമായി (ഓഗസ്റ്റ് 2, 3) നടക്കും.

യുകെ റോമൻ കത്തോലിക്കാ ദേവാലയത്തിന്റെ ചാപ്ലിൻ ഫാ. വിങ്സ്റ്റൺ വാവച്ചൻ,  തോമസ് ജോർജ്(ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 

സ്ഥലപരിമിതി മൂലം നേരത്തെ റജിസ്റ്റർ ചെയ്തവർക്കുമാത്രമേ കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് കാദോഷ് മരിയൻ മിനിസ്ട്രി അറിയിച്ചു. ധ്യാനത്തിൽ പങ്കെടുക്കുന്നവർ താമസസൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.

ബർമിങ്ങാമിന് പുറമെ കെന്റിലെ പ്രമുഖ മരിയൻ പുണ്യകേന്ദ്രവും പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ച തീർഥാടന കേന്ദ്രവുമായ എയ്സ്ഫോർഡ് മരിയൻ സെന്ററിലും ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ ഉടമ്പടി ധ്യാന ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ 8.30ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രൂഷ വൈകുന്നേരം 4.30ഓടെ സമാപിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*