മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് അവൻ ഷോക്കേറ്റ് മരിക്കാനിടയായ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു ഇതിന് പിന്നാലെയാണ് ഇടപെടൽ.

നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകൾ ഇനി മുതൽ തൊട്ടടുത്ത പോസ്റ്റിൽ നിന്നായിരിക്കും നൽകുക.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിലൂടെ വൈദ്യതി ലൈൻ പോയിരുന്നത്. നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പിൽ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാൽ ഉണ്ടായിരുന്നത് തറനിരപ്പിൽ നിന്ന് 4.28 മീറ്റർ അകലം മാത്രം. ഇരുമ്പ് ഷീറ്റിൽ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റർ. ലൈൻ കേബിൾ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നൽകാൻ കെഎസ്ഇബി സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

ലൈനിന് അടിയിൽ നിർമ്മാണ പ്രവർത്തി നടത്തുന്നതിൽ സ്കൂളിന് വീഴ്ച വന്നതായും റിപ്പോർട്ടിലുണ്ട്. ഷെഡിന് മുകളിൽ വീണ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ മരണപ്പെടുന്നത്. മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

അതേസമയം, മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. വീഴ്ച് സംഭവിച്ചത് ആരുടെ ഭാഗത്താണെന്നത് അന്വേഷണത്തിലൂടെയാണ് മനസിലാവുക നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും എസ്എഫ്ഐ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*