
തെറ്റിയത് ബ്രെത്ത് അനലൈസറിന്. പാലോട് – പേരയം റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശിന്റെ വൈദ്യപരിശോധനാ ഫലം നെഗറ്റീവ്. ജയപ്രകാശ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. നാളെ മുതൽ ഇയാൾക്ക് ജോലിയിൽ പ്രവേശിക്കാം. കെഎസ്ആർടിസിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിലായിരുന്നു ജയപ്രകാശ് ഊതിയപ്പോൾ സിഗ്നൽ കാണിച്ചത്. ഇതോടെ ഡ്യൂട്ടിയിൽ നിന്ന് ഇയാളെ മാറ്റി നിർത്തുകയും ചെയ്തിരുന്നു.
എന്നാൽ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജയപ്രകാശ് കഴിഞ്ഞ രണ്ട് ആഴ്ചയായി മെഷീൻ തകരാറിലാണെന്നും ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കുകയാണെന്നും ആരോപിച്ചു. തകരാറുള്ള മെഷീൻ മാറ്റിവെക്കണമെന്ന് പറഞ്ഞിട്ട് ചെയ്തില്ല. ഒരിക്കൽകൂടി പരിശോധന നടത്തണമെന്ന് പറഞ്ഞിട്ട് അതിനും തയ്യാറായില്ലെന്ന് ജയപ്രകാശ് വ്യക്തമാക്കി.
ജോലി മുടങ്ങിയതോടെ പാലോട് പൊലീസ് സ്റ്റേഷനിൽ ജയപ്രകാശ് പരാതി നൽകി. താൻ മദ്യപിച്ചു എന്നറിയാൻ മെഡിക്കൽ ടെസ്റ്റ് നടത്തണം എന്നാവശ്യപ്പെട്ട ആയിരുന്നു പരാതി. തൊട്ടുപിന്നാലെ ഭാര്യക്കും രണ്ടു മക്കൾക്കും ഒപ്പം കെഎസ്ആർടിസി ഡിപ്പോയിലെത്തി പ്രതിഷേധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ഡിപ്പോയിൽ പായ വിരിച്ച് ഉപവാസം അനുഷ്ടിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.കഴിഞ്ഞ തവണ ഹോമിയോ മരുന്ന് കഴിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ബ്രെത്ത് അനലൈസര്‍ പരിശോധനയിൽ പോസിറ്റീവ് ആയത് ഏറെ വിവാദമായിരുന്നു.
Be the first to comment