‘കെ.എസ്.യു പറഞ്ഞതാണ് ശരി’ ; ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. കെ.എസ്.യു ഉന്നയിച്ച ആരോപണം മുഴുവന്‍ ശരിയാണ് എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായെന്നും ഇദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം, അറസ്റ്റ് ചെയ്യണം. ഒരു പ്യൂണില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കേസ്. കോഴിക്കോട് കേന്ദ്രീകരിച്ച് വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നു – അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കുറിപ്പും സൂരജ് പങ്കിട്ടിട്ടുണ്ട്.

മലപ്പുറം മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണ്‍ മലപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ് എം എസ് സൊല്യൂഷന്‍സിന് ചോദ്യം ചോര്‍ത്തി കൊടുത്തത്. ചോദ്യ പേപ്പറുകള്‍ ഫോട്ടോയെടുത്ത് എം എസ് സൊല്യൂഷന്‍സിന് അയച്ചു നല്‍കുകയായിരുന്നു. നേരത്തെ ഇതേ സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന എം എസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദ് മുഖാന്തരമാണ് ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയിരുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്‍ പരീക്ഷയുടെ കണക്ക് എന്നീ ചോദ്യപേപ്പറുകള്‍ ആണ് ചോര്‍ത്തിയത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ചോര്‍ത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും സ്‌കൂള്‍ അധികൃതര്‍ പരീക്ഷ പേപ്പര്‍ സൂക്ഷിക്കണമായിരുന്നുവെന്നും ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീന്‍കുട്ടി പറഞ്ഞു. കേസില്‍ എം എസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവര്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*