
ഒമ്പത് വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ് എസ്എഫ്ഐയെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ലെന്നും സർക്കാരിൻ്റെ അവസാന വർഷത്തിൽ നിലനിൽപ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് എസ്എഫ്ഐക്കാർ.
സർവകലാശാലയിൽ എസ്എഫ്ഐ അഴിഞ്ഞാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. നിലമ്പൂരിൽ തോറ്റ സർക്കാരിൻറെ നഗ്നത മറയ്ക്കാൻ ഉടുതുണിയുമായി വരുന്ന ആളാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള സർവകലാശാലയിലെ വിഷയങ്ങളിൽ ഒന്നാംപ്രതി റജിസ്ട്രാർ അനിൽകുമാറാണ്. അയാളുടെ ഭൂതകാലം സംഘപരിവാറിന്റെതാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കീം വിഷയത്തിൽ എസ്എഫ്ഐ മിണ്ടുന്നില്ലെന്നും കെഎസ്‌യു അധ്യക്ഷൻ കുറ്റപ്പെടുത്തി. കീം റാങ്ക് ലിസ്റ്റിൽ വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളി വിട്ടത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം വിമർശിച്ചു. ഇതാണോ നമ്പർ വൺ കേരളം? കെടുകാര്യസ്ഥയുടെ കൂത്തരങ്ങാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഈ വകുപ്പിന് ഒരു മന്ത്രി ഉണ്ടോ എന്ന് പോലും സംശയമാണ്. കീം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെഎസ്‌യു മാർച്ച് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Be the first to comment