ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം:അന്വേഷണം തൃപ്തികരമല്ലെന്ന് കെഎസ്‌യു;പോലീസ് മേധാവിക്ക് പരാതി നൽകി

ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി കെഎസ്‌യു. പോലീസ് അന്വേഷണം തൃപ്തികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്. യുവാവ് ജീവനൊടുക്കിയത് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണെന്ന് കെഎസ്‌യു നല്‍കിയ പരാതിയില്‍ പറയുന്നു. ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് യുവാവ് ജീവനൊടുക്കിയത്. വിഷയത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നും പരാതിയില്‍ പറയുന്നു.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് പരാതി നല്‍കിയത്. ആര്‍എസ്എസ്-സിപിഐഎം ഡീലിന്റെ ഭാഗമായാണ് കുറ്റക്കാര്‍ക്ക് ആഭ്യന്തര വകുപ്പ് നിയമവിരുദ്ധ സംരക്ഷണം ഒരുക്കുന്നതെന്ന് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ചൂഷണം ചെയ്ത ആളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തത് അന്വേഷണത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കേസില്‍ പ്രതി ചേര്‍ക്കണം. അല്ലാത്തപക്ഷം ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് കേസ് കൈമാറാന്‍ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്നും കെഎസ്‌യു സംസ്ഥന പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ആര്‍എസ്എസ് നേതാക്കളെ പ്രതിചേര്‍ത്ത് സുതാര്യമായ അന്വേഷണം അനിവാര്യമാണ്. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയായ 26കാരനാണ് തിരുവനന്തപുരത്തെ ലോഡ്ജില്‍ മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറഞ്ഞു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യുവാവിന്റെ കുറിപ്പ് മരണമൊഴിയായി കണ്ട് കേസെടുക്കണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആവശ്യം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*