യൂത്ത് കോൺഗ്രസ്, കെഎസ്‍യു നേതാക്കൾക്ക് പരിഗണന നൽകി വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിത്വത്തിലെ കല്ലുകടി അവസാനിപ്പിക്കാൻ കോൺഗ്രസ്. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ എന്നിവരെ സ്ഥാനാർഥികളാക്കും. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അമൽ ജോയിയെ ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥിയാക്കും.
കേണിച്ചിറയിൽ യുഡിഎഫ് മുൻ ജില്ലാ കൺവീനർ കെ കെ വിശ്വനാഥൻ സ്ഥാനാർത്ഥിയായേക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയലിന് ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ നൽകാനാണ് ധാരണ. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ വൈത്തിരിയിലോ തിരുനെല്ലിയിലോ മത്സരിക്കും.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിൽ സ്ഥാനാർത്ഥിയായേക്കും. അമൽ ജോയിയെ ബ്ലോക്ക് പഞ്ചായത്ത് ചീരാൽ ഡിവിഷനിൽ മൽസരിപ്പിക്കാനും ധാരണയായി.
അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പ്രാദേശിക തലത്തിൽ കൂട്ടരാജി ഉണ്ടായിരുന്നു. സുൽത്താൻ ബത്തേരി നെൻമേനിയിൽ മണ്ഡലം വൈസ് പ്രസിഡണ്ടുമാരും സെക്രട്ടറിയും രാജിവച്ചിരുന്നു. ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയിരുന്നു. ചുള്ളിയോട് ബ്ലോക്കിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി.



Be the first to comment