കെ.ടി.യു ,ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി സി നിയമനം; കേസിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ​മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനൽ പരിഗണിച്ചു വേണം നിയമനം നടത്താവു എന്ന് ഹൈക്കോടതി. നിയമന കാലാവധി ഈ മാസം അവസാനിക്കാറായ സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷണം. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ഗവര്‍ണര്‍ പാലിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പ്രസ്താവം നടത്തിയത്. സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനം. ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നയിരുന്നു സര്‍ക്കാരിന്റെ വാദം.

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമാണ് ചാന്‍ലസര്‍ നിയമിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*