കുംഭമാസ പൂജ; ശബരിമല ദര്‍ശനത്തിന് വെർച്വൽ ക്യൂ ബുക്കിങ്‌ തുടരുന്നു

പത്തനംതിട്ട: കുംഭമാസ പൂജകളുടെ ഭാഗമായി ശബരിമല ദര്‍ശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ട് ബുക്കിങ് തുടരുന്നു. sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. അതേസമയം ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌ത് ദര്‍ശനത്തിന് എത്താതിരിക്കുന്ന പ്രവണത പരിഹരിക്കാൻ കർശന നടപടികളുമായി ഹൈക്കോടതി.

ഇതിനായി നിലവിലെ ബുക്കിങ് ഫീസ് ഉയർത്തണമെന്ന് സ്പെഷ്യല്‍ കമ്മിഷണർ കോടതിക്ക് ശുപാർശ നല്‍കി. കഴിഞ്ഞ മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് വെർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ലോട്ടുകള്‍ തീരുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ബുക്ക് ചെയ്‌തവരില്‍ പലരും ദർശനത്തിന് എത്തിയിരുന്നില്ല.

ഈ പ്രവണത കാരണം ദർശനം നടത്താൻ കാത്തിരുന്ന ഭക്തർക്ക് അവസരം നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടായി.ഇതോടെയാണ് വിഷയത്തിൽ കോടതിയുടെ ഇടപെടല്‍. വെർച്വല്‍ ക്യൂ ബുക്കിങ്ങിന് 5 രൂപ മാത്രമാണ് നിലവില്‍ ഈടാക്കുന്നത്. ഈ ചെറിയ തുക നഷ്‌ടപ്പെട്ടാലും പ്രശ്‌നമില്ലെന്ന കാരണത്താലാണ് പലരും ബുക്ക് ചെയ്യുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നത്.

ഇതിന് പരിഹാരമായി ബുക്കിങ് ഫീസ് ഉയർത്തി ബുക്ക്‌ ചെയ്‌ത് ദർശനം പൂർത്തിയാക്കി മടങ്ങുന്ന ഭക്തർക്ക്‌ ബുക്ക് ചെയ്‌ത തുകയില്‍ നിന്ന് ഒരു നിശ്ചിത ഭാഗം തിരികെ നല്‍കുകയും ചെയ്യുക എന്നതാണ് നിലവില്‍ പരിഗണിക്കുന്ന പ്രധാന നിർദേശം. സെപ്റ്റംബറിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഹൈക്കോടതി നീക്കം. ഇക്കാര്യത്തില്‍ സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും നിലപാട് കോടതി തേടിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*