
തിരഞ്ഞെടുപ്പ് അടുത്തതിന്റെ ഗിമ്മിക്കാണ് അയപ്പ സംഗമമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സ്വർണ്ണപ്പാളി സംഭവത്തിൽ എന്തുകൊണ്ട് കുറ്റക്കാരെ കണ്ടെത്തുന്നില്ല. അയ്യപ്പ സംഗമത്തിൽ സുതാര്യത വരണമെങ്കിൽ കുറ്റക്കാരെ കണ്ടെത്തണം. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ഇത്രയും സ്വർണം നഷ്ടപ്പെട്ടതിൽ സർക്കാരിന് എന്താണ് വിശദീകരിക്കാൻ ഉള്ളത്. കോടതിയിലാണ് കേസ് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. അയ്യപ്പ സംഗമത്തിൽ സൂര്യതാര്യതയില്ല. ആകെ ഉള്ളത് മൊത്തം ദുരൂഹതകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം വേണ്ട. അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ രൂപരേഖ സർക്കാരിന്റെ കയ്യിലുണ്ട്. നിരവധി പദ്ധതികൾ സർക്കാരിന്റെ മുൻപിലുണ്ട്. അതിന് പണം കണ്ടെത്താനുള്ള മാർഗങ്ങളും സർക്കാരിന്റെ മുൻപിൽ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വികസനത്തിൽ ലഭിച്ച പണത്തെ പറ്റി വെളിപ്പെടുത്താൻ സർക്കാർ തയ്യാറുണ്ടോ. കേന്ദ്രസർക്കാർ അടിസ്ഥാന വികസനങ്ങൾക്ക് വേണ്ടി 300 കോടി രൂപ നൽകിയിട്ടുണ്ട്. അതെല്ലാം വേണ്ടവിധം കൈകാര്യം ചെയ്തിട്ടില്ല. സ്വർണ്ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തിൽ വേദന ഉണ്ടാക്കി. അതിനെപ്പറ്റി ദേവസ്വം വകുപ്പ് മന്ത്രി ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
ശബരിമല മാസ്റ്റർ പ്ലാൻ പറ്റി എന്താണ് സർക്കാർ ഒന്നും പറയാത്തത്. ശബരി റെയിൽ പദ്ധതി പോലും നടപ്പാക്കാൻ മുൻകൈയെടുക്കുന്നില്ല. സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ കേന്ദ്രസർക്കാരിനോട് സഹകരിക്കാതെ ശബരീറെയിൽ നിന്നും മാറി ചിന്തിക്കുകയാണ് സർക്കാർ. ഒരു സമാന്തര റോഡിനെ പറ്റി ചർച്ച ചെയ്യാൻ പോലും ആയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. പുണ്യം പൂങ്കാവനം പദ്ധതി നിർത്തിവച്ചവർക്ക് ക്ഷേമപ്രവർത്തനം നടത്താൻ എന്ത് ധാർമിക അവകാശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Be the first to comment