ന്യൂഡൽഹി: രാജ്യത്തെ ആയുർവേദ, സിദ്ധ, യുനാനി വൈദ്യ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായുള്ള ലബോറട്ടറികൾക്ക് അംഗീകാരം ലഭിച്ചതായി കേന്ദ്രം. രാജ്യത്തുള്ള 108 ലബോറട്ടറികൾക്ക് അഗീകാരം ലഭിച്ചതായാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് അറിയിച്ചത്. 1945ലെ ഡ്രഗ്‌സ് നിയമ വ്യവസ്ഥകൾ പ്രകാരമാണ് ലാബുകൾക്ക് അംഗീകാരവും ലൈസൻസും ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ 34 ലാബുകൾക്ക് അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന ശേഷിയും ശക്തിപ്പെടുത്തുന്നതിന് പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ സയൻസിൻ്റെ മൂന്ന് പ്രാദേശിക ഗവേഷണ സ്ഥാപനങ്ങൾക്കും 1945ലെ ഡ്രഗ് നിയമാവലിയുടെ അടിസ്ഥാനത്തിൽ വകുപ്പ് 160 ഇ പ്രകാരം അംഗീകാരം നൽകിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.
“ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപതി മരുന്നുകൾക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് ആയുഷ് ഔഷധി ഗുണത്വ ഏവം ഉത്പാദൻ സംവർധൻ യോജന (എഒജിയുഎസ്‌വൈ). ഇത് പ്രകാരമാണ് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഈ മേഖലയുമായി ബന്ധപ്പെടാനായി മൂന്ന് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ദേശീയ ഫാർമക്കോവിജിലൻസ് സെൻ്റർ, ഇൻ്റർ മീഡിയറി ഫാർമക്കോവിജിലൻസ് സെൻ്ററുകൾ, പെരിഫറൽ ഫാർമക്കോവിജിലൻസ് സെൻ്ററുകൾ എന്നിവയാണ് കേന്ദ്രങ്ങൾ. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരീക്ഷിക്കാനും വീഴ്‌ച സംഭവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഈ കേന്ദ്രങ്ങൾക്ക് അവകാശമുണ്ട്” പ്രതാപ് റാവു ജാദവ് കൂട്ടിച്ചേർത്തു.
ഉപഭോക്തൃ സംരക്ഷണം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കുറയ്ക്കുക, മരുന്നുകളെക്കുറിച്ചും ഉപഭോഗത്തെ കുറിച്ചും അവബോധം സൃഷ്‌ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം മൂവായിരത്തിലധികം ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2021-2022 മുതൽ 2025-2026 വരെയുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ 122 കോടി രൂപയുടെ പദ്ധതികൾ എഒജിയുഎസ്‌വൈയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ഉയർന്ന നിലവാരത്തോടെ ആയുഷ് ഫാർമസികളും ലബോറട്ടറികളും ശക്തിപ്പെടുത്തുകയും നവീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെ ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി മരുന്ന് ഉപയോഗങ്ങളെ നിയന്ത്രിക്കുന്നതിനായി 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്‌ടിൻ്റെയും അനുബന്ധ നിയമങ്ങളുടെയും കീഴിൽ അവതരിപ്പിച്ച പദ്ധതിയാണ് ആയുഷ് ഔഷധി ഗുണത്വ ഏവം ഉത്പാദൻ സംവർധൻ യോജന (എഒജിയുഎസ്‌വൈ). കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലാണിത് പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയെ ആധുനികവത്‌കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായാണ് എഒജിയുഎസ്‌വൈയെ കാണുന്നത്. കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിലൂടെ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ആയുഷ് ഉത്‌പന്നങ്ങളുടെ ഉത്‌പാദനത്തിലും കയറ്റുമതിയിലും ഇന്ത്യയെ ആഗോള നേതൃത്വമാക്കുക എന്നതും പദ്ധതി ലക്ഷ്യമാണ്.



Be the first to comment