
പഹൽഗാം ആക്രമണത്തിൽ പങ്കില്ലെന്ന് വാദമായുമായി നിരോധിത സംഘടന ദ റസിസ്റ്റന്റ് ഫ്രണ്ടിന്റെ വാർത്താകുറിപ്പ്. ആക്രമണത്തിന് പിന്നാലെ ടിആർഎഫ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കശ്മീരിൽ ജനരോഷം ശക്തമാവുകയും ഭീകർക്കായി തിരച്ചിൽ ഊർജിതമാവുകയും ചെയ്തതോടെയാണ് ടിആർഎഫിന്റെ പുതിയ വാർത്താ കുറിപ്പെന്നാണ് വിലയിരുത്തൽ.
പഹൽഗം ആക്രമണത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പോസ്റ്റ് ചെയ്തത് തങ്ങളുടെ അറിവോടെ അല്ലെന്ന് കുറിപ്പിൽ. പിന്നിൽ ഇന്ത്യൻ സൈബർ അക്രമികൾ എന്ന് ടിആർഎഫ് പറഞ്ഞു. ടിആർഎഫിന്റെ അക്കൗണ്ടിലേക്ക് ഇന്ത്യൻ സൈബർ വിഭാഗം നുഴഞ്ഞുകയറിയെന്നും ആരോപണം. ആക്രമണത്തെ ടിആർഎഫുമായി ബന്ധപ്പെടുത്തിയുള്ള വാദങ്ങൾ തെറ്റാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ലെന്നും വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തൽ. ഈ മാസം 22ന് നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. അതേസമയം പഹൽഗാം ആക്രമണം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ച കൊണ്ട് ഉണ്ടായതാണെന്നും പാക്കിസ്ഥാന് പങ്കില്ലെന്നും ആവർത്തിക്കുകയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
നയതന്ത്ര യുദ്ധത്തിൽ മുടന്തുമ്പോഴും ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തുമ്പോഴും പാക്കിസ്ഥാൻ നേതാക്കൾ പ്രകോപനം നിർത്തുന്നില്ല. സിന്ധു നദീ ജലം തടയാനുള്ള ഇന്ത്യൻ തീരുമാനത്തിനെതിരെ യുദ്ധം നടത്തുമെന്നാണ് ബിലാവൽ ബൂട്ടോ ഭീഷണി മുഴക്കുന്നത്. സിന്ധു നദീ ജലം പാക്കിസ്ഥാന്റേത് ആണെന്നും വെള്ളം തടഞ്ഞാൽ പകരം ചോരപ്പുഴ ഒഴുക്കുമെന്നുമാണ് ഭീഷണി.
Be the first to comment