പുതിയ വര്‍ഷം പുതിയ തുടക്കം; വിഒവൈഫൈ അവതരിപ്പിക്കാൻ ബിഎസ്‌എന്‍എല്‍, സേവനം ഉടന്‍ ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യയിലുടനീളം വോയ്‌സ് ഓവർ വൈഫൈ അഥവാ വിഒവൈഫൈ അവതരിപ്പിക്കാൻ ഒരുങ്ങി ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ് (BSNL). സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും മറ്റും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് രാജ്യവ്യാപകമായി വിഒവൈഫൈ സേവനങ്ങൾ ആരംഭിക്കാൻ പോകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.ഈ നൂതന സേവനം എല്ലാ ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്കും ആക്‌സസ് ചെയ്യാവുന്നതാണ്. എല്ലാ ടെലികോം സർക്കിളുകളിലുമുള്ള ആളുകൾക്കും മറ്റ് പ്രദേശങ്ങളിലും തടസമില്ലാതെ തന്നെ ഉയർന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി ലഭിക്കും. മൊബൈൽ കവറേജ് പരിമിതമായുള്ള സ്ഥലങ്ങളിലും ഈ സേവനം പ്രയോജനപ്പെടുമെന്ന് ബിഎസ്‌എൻഎൽ പറഞ്ഞു.

വൈഫൈ ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാനുള്ള വോവൈഫൈ (VoWiFi) സൗകര്യം ജിയോയും എയർടെലും നേരത്തെ തന്നെ ഒരുക്കിയിരുന്നെങ്കിലും ബിഎസ്‌എൻഎലിൽ അത് ലഭ്യമായിരുന്നില്ല. എന്നാൽ മാസങ്ങൾക്ക് മുമ്പ് സേവനം ആരംഭിച്ചെങ്കിലും കണക്‌റ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും ഇത് ലഭ്യമാക്കുന്നത് ഇപ്പോഴാണ്. എന്നിരുന്നാലും ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ അല്ലെങ്കിൽ മറ്റ് ബ്രോഡ്‌ബാൻഡ് പോലുള്ള സ്ഥിരതയുള്ള വൈ-ഫൈ കണക്ഷൻ ആവശ്യമാണെന്ന് ബിഎസ്‌എൻഎൽ കൂട്ടിച്ചേർത്തു.

വൈഫൈ കോളുകൾക്കും മറ്റ് നെറ്റ്‌വർക്ക് സേവനങ്ങൾക്കും അധിക നിരക്ക് നൽകേണ്ടി വരില്ലെന്നും സൗജന്യമായി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. വീട്, സ്ഥാപനങ്ങൾ, ഓഫിസ് തുടങ്ങിയിടത്തും മൊബൈൽ സിഗ്നൽ കുറഞ്ഞ സ്ഥലങ്ങളിലും വൈ-ഫൈ വഴി കോളുകളും സന്ദേശങ്ങളും അയക്കാനും മറ്റും വോയ്‌സ് ഓവർ വൈഫൈ സഹായിക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ബി‌എസ്‌എൻ‌എല്ലിൻ്റെ നെറ്റ്‌വർക്ക് നവീകരണ പരിപാടിയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് വോവൈഫൈയുടെ സമാരംഭം. രാജ്യവ്യാപകമായി, പ്രത്യേകിച്ച് സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നുവെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

സേവനത്തിന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

വൈ-ഫൈയ്ക്കും മൊബൈൽ നെറ്റ്‌വർക്കുകൾക്കുമിടയിൽ തടസമില്ലാത്ത കൈമാറ്റം സാധ്യമാക്കുന്ന ഒരു ഐഎംഎസ് അധിഷ്‌ഠിത സേവനമാണ് വോയ്‌സ് ഓവർ വൈഫൈ. മൂന്നാം കക്ഷി ആപ്പുകളുടെ ആവശ്യമില്ലാതെ തന്നെ ഉപഭോക്താവിൻ്റെ നിലവിലുള്ള മൊബൈൽ നമ്പറും ഫോൺ ഡയലറും ഉപയോഗിച്ച് കോളുകൾ ചെയ്യാൻ ഇത് അനുവദിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. മിക്ക ആധുനിക സ്‌മാർട്ട്‌ഫോണുകളിലും വോയ്‌സ് ഓവർ വൈഫൈ പിന്തുണയ്‌ക്കുന്നുണ്ട്. സേവനത്തിനായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രം സന്ദർശിക്കുകയോ 18001503 എന്ന നമ്പറിൽ ബിഎസ്എൻഎൽ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടുകയോ ചെയ്യാം.

Be the first to comment

Leave a Reply

Your email address will not be published.


*