തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ അതീവ ജാഗ്രതയോടെ നീങ്ങാനുറച്ച് എൽഡിഎഫ്. യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധനയിൽ ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തി സുരക്ഷിതമായ നിലപാട് കൈക്കൊള്ളാനാണ് സർക്കാർ തീരുമാനം. മാർച്ച് 14നകം കേസിലെ കക്ഷികൾ വാദങ്ങൾ എഴുതി നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റെ നിർദേശം. യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ ഇതുവരെ എതിർത്തിരുന്ന സംസ്ഥാന സർക്കാർ നിലപാടിൽ നിന്നും പിന്നോട്ടു പോകാനാണ് സാധ്യത.
ഏപ്രിൽ ഏഴുമുതലാണ് ഒൻപതംഗ ബെഞ്ച് വാദം കേൾക്കുന്നത്. വിശ്വാസികളുടെ വികാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിനെ കൊണ്ട് പറയിപ്പിക്കാനാകും സംസ്ഥാന സർക്കാർ ശ്രമിക്കുക. നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടാനും സാധ്യതയുണ്ട്. അതിനിടയിൽ, നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള എൽഡിഎഫിന് തിരിച്ചടിയാണ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ ജയിലിലായതും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതും ഇടതുമുന്നണിക്ക് ക്ഷീണമായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും സർക്കാർ ചോദ്യശരങ്ങൾ നേരിടുകയാണ്. ഇനിയും വിശ്വാസികളുടെ അപ്രീതി വരുത്തുന്ന നടപടിക്ക് മുതിരേണ്ടെന്ന നിലപാടിലാണ് സർക്കാർ.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിൻെ്‌റ അഫിഡവിറ്റിന് പ്രത്യേക പ്രസക്തിയില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു. ഇതിൽ ഇനി പ്രത്യേകിച്ച് സർക്കാരിന് ഒന്നും ചെയ്യാനില്ല. എന്നാൽ, വിശ്വാസികൾക്ക് എതിരായ നിലപാട് കൈക്കൊള്ളാൻ സർക്കാർ മുതിരുമെന്ന് കരുതുന്നില്ലെന്നും അഡ്വ. ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു.
ശബരിമലയിൽ പൊള്ളാൻ തുടങ്ങിയത് ഏഴു വർഷങ്ങൾക്ക് മുൻപ്
2018 സെപ്റ്റംബർ 28: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബർ 28 നാണ് സുപ്രീം കോടതി അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിൻെ്റ വിധി വന്നത്. തുടർന്ന്, ഇടതു സർക്കാരിൻ്റെ നവോത്ഥാന നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. അതിൻ്റെ ഭാഗമായി നടന്ന നാമജപഘോഷയാത്രയിൽ എൻഎസ്എസ് പ്രവർത്തകരാണ് ഭൂരിഭാഗവും പങ്കെടുത്തത്. വിധി നടപ്പാക്കുമെന്ന് സിപിഎമ്മും വിധിക്കു കീഴിൽ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാകുന്ന തരത്തിൽ സമന്വയം ഉണ്ടാകണമെന്ന് കോൺഗ്രസും അഭിപ്രായപ്പെട്ടു. നാമജപ ഘോഷയാത്രകളിലെ ജനബാഹുല്യം കണ്ടതോടെ വിധിയെ സ്വാഗതം ചെയത കക്ഷികൾ നിലപാടിൽ നിന്നും പിന്നോട്ടു പോയി. വിധി നടപ്പാക്കുമെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നതിനിടയിൽ ഘോഷയാത്ര സംഘാടനം ബിജെപി ഏറ്റെടുത്തു. യുവതി പ്രവേശനം ബിജെപി ശക്തമായി എതിർക്കാനും ആരംഭിച്ചു.
2018 ഒക്‌ടോബർ 8: 2018 ഒക്ടോബർ എട്ടിന് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ്, ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മ എന്നിവർ സുപ്രീം കോടതിയിൽ ഹർജി നൽകി. പിന്നാലെ പന്തളം കൊട്ടാരവും ഒട്ടേറെ സംഘടനകളും സമാനഹർജികൾ നൽകി. സർക്കാരും എൻഎസ്എസും തമ്മിലുള്ള പോര് ഇതോടെ ആരംഭിച്ചു. ശബരിമല സമരത്തെ പിന്തുണക്കുന്നില്ലെങ്കിലും പ്രവർത്തകർക്ക് ആചാര, വിശ്വാസ സംരക്ഷണത്തിനായി സമരത്തിൽ പങ്കെടുക്കാമെന്ന് എസ്എൻഡിപിയും വ്യക്തമാക്കി.
2018 ഒക്‌ടോബർ 17: വിധി വന്നശേഷം 2018 ഒക്ടോബർ 17 ന് തുലാമാസ പൂജക്കായി ശബരിമലയിൽ നട തുറന്നപ്പോൾ സന്നിധാനത്ത് വനിതാ ജീവനക്കാരെയും അധിക പോലീസുകാരെയും ദേവസ്വം ബോർഡ് നിയോഗിച്ചു. അതോടെ, സർക്കാരും ദേവസ്വം ബോർഡും യുവതീ പ്രവേശനത്തെ എതിർക്കുന്നവരും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങി. നട തുറക്കുന്നതിന് രണ്ടുദിവസം മുൻപ് നിലക്കലിൽ ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടങ്ങി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലവുങ്കൽ മുതൽ സന്നിധാനം വരെ 50 കിലോമീറ്റർ വനമേഖലയിൽ പൊലീസ് 144 പ്രഖ്യാപിച്ചു.
സംഘർഷം കലാപത്തിലേക്ക്: യുവതികളെത്തിയാൽ തടയുന്നതിന് ആർ.എസ്.എസ് അടക്കം ഒരു ഡസനോളം ഹൈന്ദവ സംഘടനകൾ റിക്രൂട്ട്് ചെയ്ത നുറുകണക്കിന് പ്രവർത്തകർ നിലക്കലും പമ്പ മുതൽ സന്നിധാനം വരെയും നിലയുറപ്പിച്ചു. വാഹന പരിശോധന നടത്തി യുവതികളെ മർദ്ദിച്ചു. അതോടെ സമരം സംഘർഷത്തിലേക്കു നീങ്ങി. നിലക്കൽ വൻ സംഘർഷമുണ്ടായി. വൈകിട്ട് നട തുറക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ പമ്പയിൽ സംഘർഷവും ലാത്തിച്ചാർജും അരങ്ങേറി.
മല കയറാനെത്തിയ ആദ്യയുവതി ആന്ധ്ര സ്വദേശിനി മാധവിയും കുടുംബവും പ്രതിഷേധത്തെത്തുടർന്ന് മടങ്ങി. പിന്നീടെത്തിയ രെഹ്ന ഫാത്തിമയെ ഐജി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ഹെൽമറ്റ് ധരിപ്പിച്ച് നടപ്പന്തൽ വരെയെത്തിച്ചു. യുവതിയെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി നിലപാട് എടുത്തതോടെ പൊലീസ് അവര മടക്കിക്കൊണ്ടു പോയി. അഞ്ചുദിവസത്തിനകം മല കയറാനെത്തിയത് രണ്ട് ഡസനിലേറെ യുവതികളായിരുന്നു. അതിനിടെ തൃശൂർ സ്വദേശിനിയായ 57കാരിയെ സന്നിധാനത്ത് തടഞ്ഞ സമരക്കാർ നെയ്ത്തേങ്ങ കൊണ്ട് മുതുകിലിടിച്ചു. രഹസ്യമായും പരസ്യമായും പൊലീസ് യുവതികളെ മല കയറ്റാൻ ശ്രമിച്ചെങ്കിലും സമരക്കാർ അതെല്ലാം പൊളിച്ചു.
2018 നവംബർ 17: തുടർന്ന് 2018 നവംബർ 17 ന് മണ്ഡലകാലത്തിനായി നട തുറന്നപ്പോൾ എത്തിയ കെപി ശശികല അറസ്റ്റിലായി. ശബരിമല ദർശനം ലക്ഷ്യമിട്ട് ഡെൽഹിയിൽ നിന്നെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധം കാരണം കൊച്ചി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ബിജെപിയുടെ അക്രമസമരങ്ങൾ ഭക്തരുടെ പ്രതിഷേധത്തിനു കാരണമായതോടെ സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റി. അതോടെ പമ്പ ശാന്തമായി.
2019 ജനുവരി 2: ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതായി 2019 ജനുവരി രണ്ടിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. തന്ത്രി ക്ഷേത്രം അടച്ചിട്ട് ശുദ്ധികലശം നടത്തി. പന്തളത്ത് സമരക്കാരും സർക്കാർ അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിലും കല്ലേറിലും ഒരാൾ കൊല്ലപ്പെട്ടു. അതൊടെ സർക്കാർ അയഞ്ഞു. ക്ഷേത്രദർശനത്തിന് എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകി മല കയറ്റുന്ന നടപടി നിർത്തിവച്ചു. പിന്നീട് സംരക്ഷണം നൽകില്ലെന്ന് നിലപാടിലേക്കും സർക്കാർ എത്തി. അതോടെ തീർഥാടനം ശാന്തമാകുകയായിരുന്നു.



Be the first to comment