മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും

ഛത്തീസ്ഗഡിലെ ദില്ലിരാജറായില്‍ തുടരുന്ന മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും. കേസ് അവസാനിക്കുന്നത് വരെ ഇരുവര്‍ക്കും പുതിയ ചുമതലകളോ സ്ഥലംമാറ്റമോ ഉണ്ടാകില്ല. അതേസമയം ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മക്കും പ്രവര്‍ത്തകര്‍ക്കുമേതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

രണ്ടാഴ്ച കൂടുമ്പോള്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ജാമ്യ ഉപാധിയിലാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ പുറത്തിറങ്ങിയത്. ഇത് പ്രകാരം എട്ടാം തീയതി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതിനു ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.ഏതാനും ദിവസം ഇരുവരും വീടുകളില്‍ ചിലവഴിക്കും. തുടര്‍ന്ന് ഛത്തീസ്ഗഡിലേക്ക് മടങ്ങും. കണ്ണൂര്‍ സ്വദേശിനിയാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി അങ്കമാലി സ്വദേശിയും.

കേസ് അവസാനിപ്പിക്കുന്നതിന് വേണ്ട നിയമ നടപടികള്‍ തുടരാന്‍ സി. പ്രീതിയും സി. വന്ദനയും ഛത്തീസ്ഗഡില്‍ തുടരേണ്ടതുണ്ട്. ജാമ്യ ഉപാധികള്‍ പ്രകാരം കന്യാസ്ത്രീകള്‍ക്ക് രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിന് തടസമില്ല. . അതേസമയം ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ, ഏതാനും പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ യുവതികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ലളിത, സുഖ്മതി എന്നീ യുവതികള്‍ ഓര്‍ച്ച പൊലീസ് സ്റ്റേഷനിലും കമലേശ്വരി മറ്റൊരു പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്. ഈ രണ്ട് പരാതികളും ദുര്‍ഗിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് അവിടെയാകും കേസ് എടുക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*