മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് കൂടുതല്‍ ജനപിന്തുണ, പ്രീ പോള്‍ സര്‍വേ ഫലം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ജനപിന്തുണ പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് സര്‍വേ റിപ്പോര്‍ട്ട്. പബ്ലിക് ഒപ്പീനിയന്‍ പ്ലാറ്റ്‌ഫോമായ വോട്ട് വൈബ് നടത്തിയ പ്രീ പോള്‍ സര്‍വേയുടേതാണ് കണ്ടെത്തല്‍. വി ഡി സതീശന് 25.2 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. 21. 5 ശതമാനം പേരുടെ പിന്തുണയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം സ്ഥാനത്ത്.

സര്‍വേ പ്രകാരം, സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് 15.8 ശതമാനമാണ് പിന്തുണ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് 10 ശതമാനവും ശശി തരൂരിന് 9, 2 ശതമാനം പേരുടേയും പിന്തുണ ലഭിച്ചു. സംസ്ഥാനത്ത് ബിജെപി വളര്‍ച്ച നേടുന്നതായി സര്‍വേ പറയുന്നു. സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന് 27.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം 18.7 ശതമാനം പേര്‍ ബിജെപി വളര്‍ച്ച യുഡിഎഫിന് ദോഷകരമാകുമെന്ന് പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മില്‍ നിശബ്ദ സഖ്യമുണ്ടെന്ന യുഡിഎഫിന്റെ ആരോപണത്തില്‍ തുല്യ പ്രതികരണമാണുള്ളത്. യുഡിഎഫിന്റെ ആരോപണത്തെ 33.6 ശതമാനം പേര്‍ യോജിച്ചു. എന്നാല്‍ 32.3 ശതമാനം പേര്‍ വിയോജിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗ് പിന്‍സീറ്റ് ഡ്രൈവറാകുമെന്ന ആരോപണത്തെ 35.1 ശതമാനം പേര്‍ പിന്തുണച്ചു. 33.3 ശതമാനം പേര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രതിപക്ഷ നേതാവിന് നേരിയ മുന്‍തൂക്കം ഉള്ളപ്പോഴും, ഇരു മുന്നണികളും തമ്മില്‍ ഇപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് സര്‍വ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ 35.8 ശതമാനം പേര്‍ പോസിറ്റീവായി വിലയിരുത്തിയപ്പോള്‍, 44.3 ശതമാനം പേര്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളിലും സാമൂഹിക സുരക്ഷാ പദ്ധതികളിലും 44.5% പേര്‍ സംതൃപ്തരാണ്.

അതേസമയം 44.2 ശതമാനം പേര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ശരിയാണെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണെന്ന് 23.2% പേര്‍ ചൂണ്ടിക്കാട്ടി. 18.8 ശതമാനം പേര്‍ വിലക്കയറ്റം വലിയ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, 11.4 ശതമാനം പേര്‍ മദ്യപാനവും മയക്കുമരുന്നും പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ടു. നേതൃത്വ പുതുമയിലും സാമുദായിക സഖ്യത്തിലും യുഡിഎഫ് മുന്നിലാണെങ്കിലും, ക്ഷേമത്തിലും സ്ത്രീ വോട്ടര്‍മാരിലും എല്‍ഡിഎഫ് ശക്തി നിലനിര്‍ത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*