ലോകത്തിലെ എല്ലാ അസുഖങ്ങളും കേരളത്തില്‍; ആരോഗ്യവകുപ്പ് വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഒരുപിടിയുമില്ല. എത്രപേര്‍ മരിച്ചെന്ന് കണക്കൂപോലും ഇല്ല. എന്താണ് രോഗകാരണമെന്ന് അറിയില്ല. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറഞ്ഞത് വെറുതെയല്ലെന്ന് പൊതുജനത്തിന് ബോധ്യമായി. ഇതിനെതിരെ ഒരു ബോധവത്കരണം പോലും നടത്താത്ത ആരോഗ്യവകുപ്പ് എന്തിനാണ്?. ഈ രോഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ സംശയത്തിന് അറുതി വരുത്തണം. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഈ അസുഖത്തിന്റെ കാരണം കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും സതീശന്‍ പറഞ്ഞു.

പിണറായി വിജയന്‍ കേരളത്തില്‍ സ്റ്റാലിന്‍ ചമയേണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇത് റഷ്യയല്ലെന്നും ജനാധിപത്യ കേരളമാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഡിവൈഎഫ് നേതാവിനെ പോലും തല്ലിക്കൊല്ലുന്ന പൊലീസാണ് കേരളത്തിലേത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ പറഞ്ഞു. സ്റ്റാലിന്റെ കാലത്ത് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ ഗുലാകുകളെ പോലെയാണ് കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

പാര്‍ട്ടിക്കാര്‍ നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള എന്തോ രഹസ്യം പുറത്തുവരും എന്നുമനസിലായപ്പോഴാണ് ഡിവൈഎഫ്‌ഐ നേതാവിനെ കള്ളക്കേസില്‍ കുടുക്കി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ടയിലെല്ലാം ക്രിമിനലുകളാണ് സ്റ്റേഷന്‍ ഭരിക്കുന്നത്. ഇതിനൊന്നും നടപടിയെടുക്കാതെ മുഖ്യമന്ത്രി മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിക്കുകയാണ്. പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെങ്കില്‍ പിണറായി വിജയന്‍ മറുപടി പറഞ്ഞേ തീരുവെന്നും സതീശന്‍ പറഞ്ഞു.

ഭരണത്തിന്റെ പത്താം വര്‍ഷം ആയപ്പോള്‍ സര്‍ക്കാര്‍ പാനിക് ആയിരിക്കുകയാണ്. 100ലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും സതീശന്‍ പറഞ്ഞു. പത്താം വര്‍ഷം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പനോടുളള ഭക്തി കൂടി. അത് വേറെ തരത്തില്‍ ചിത്രീകരിക്കപ്പെടുമെന്നായപ്പോള്‍ ന്യൂനപക്ഷ സംഗമം നടത്തുന്നു. എന്നാല്‍ ഇനി എല്ലാ ജാതികളുടെയും ഉപജാതികളുടെയും സംഗമം കൂടി നടത്തേണ്ടിവരുമെന്ന് സതീശന്‍ പറഞ്ഞു. ഭരണം എന്നുപറയുന്നത് ഉത്തരവാദിത്വമുള്ള ഏര്‍പ്പെടാണ്. അതിനെ തമാശയായി കാണരുതെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്ന് സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്്. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ചിട്ടില്ല. രാഹുല്‍ നിയമസഭയില്‍ വരുന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ല. സംഘടനാപരമായ കാര്യങ്ങള്‍ എല്ലാവരും കൂടി ആലോചിച്ച് പറയേണ്ടതാണെന്ന് സതീശന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*