ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി. മത്സരിച്ച 33 സീറ്റുകളിൽ ഏതാനും സീറ്റുകളിൽ മാത്രമാണ് ഇടതുപാർട്ടികൾക്ക് മുന്നേറാനായത്. 2020 ലെ തിരഞ്ഞെടുപ്പിൽ, മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. മൊത്തം മത്സരിച്ച സീറ്റുകളിൽ 29 സീറ്റുകളിൽ 16 എണ്ണത്തിലാണ് ഇടതുപക്ഷം അന്ന് വിജയിച്ചത്. 55 ശതമാനമായിരുന്നു അന്നത്തെ സ്ട്രൈക്ക് റേറ്റ്. സി പി ഐ (എം എൽ) ലിബറേഷൻ ആകെയുള്ള 19 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ച് അന്ന് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഈ വിജയം മഹാസഖ്യത്തിന് 110 സീറ്റുകൾ നേടുന്നതിലും നിർണായകമായിരുന്നു.
എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനവും എൻ.ഡി.എയുടെ ശക്തമായ പ്രകടനവും മറ്റ് പ്രാദേശിക പാർട്ടികളുമായുള്ള സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങളുമെല്ലാം 2020 ലെ പ്രകടനം ആവർത്തിക്കുന്നതിൽ നിന്ന് ഇടതുപക്ഷത്തെ തടഞ്ഞതായാണ് പൊതുവേയുള്ള വിലയിരുത്തൽ. 2020ൽ 12 ഇടങ്ങളിൽ സി പി ഐ എം എൽ ലിബറേഷൻ ആയിരുന്നു വിജയിച്ചതെങ്കിൽ സി പി ഐ എമ്മിനും സി പി ഐയ്ക്കും രണ്ടു വീതം മണ്ഡലങ്ങളിലാണ് വിജയിക്കാനായത്. ഇത്തവണ ഇടതുപാർട്ടികൾ 33 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഏതാനും സീറ്റുകളിൽ മാത്രമേ മുന്നേറാനായുള്ളു.
സീറ്റ് വിഭജനത്തിലുണ്ടായ തർക്കങ്ങളും ഇടതുപക്ഷത്തിന് സ്വാധീനമുള്ള പല മണ്ഡലങ്ങളും കോൺഗ്രസും ആർ ജെ ഡിയും അവകാശപ്പെട്ടതുമാണ് ഇടതിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപിച്ചത്. ചിലയിടങ്ങളിൽ ആർ ജെ ഡി സ്ഥാനാർഥികൾ ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ സൗഹൃദമത്സരത്തിനിറങ്ങിയതും വിനയായി. ഇടതുപക്ഷം കർഷകരുടെയും തൊഴിലാളികളുടെയും വർഗപരമായ വിഷയങ്ങൾ ഉയർത്തിക്കാട്ടിയപ്പോൾ മറ്റ് കക്ഷികൾ ജാതീയമായി അണിനിരത്തി വോട്ടു തേടുന്നതിലും വിജയിച്ചു. ഇതിനു പുറമേ, സാമ്പത്തികപ്രശ്നങ്ങളും പ്രചാരണക്കുറവും ഇടതിന് ദോഷകരമായി മാറിയെന്നും വിലയിരുത്തലുണ്ട്.



Be the first to comment