‘കേരളം കണ്ട് ആരും പനിക്കണ്ട; പ്രത്യേകിച്ച് ബിജെപി; അജിത് പവാറിന്റെ നീക്കത്തെ നിയമപരമായി നേരിടും’ ; മന്ത്രി എകെ ശശീന്ദ്രന്‍

എന്‍സിപിയിലെ തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി സംസ്ഥാനത്തെ ശരദ് പവാര്‍ പക്ഷം. വിഷയത്തില്‍ എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ ഇന്ന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. അജിത് പവാറിന്റെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍  പറഞ്ഞു.

ആദ്യം അഭിഭാഷകനെ കാണും. അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പോകേണ്ടതുണ്ടെങ്കില്‍ പോകും. കാരണം, അജിത് പവാര്‍ നയിക്കുന്ന വിഭാഗം എന്‍സിപിയില്‍ നിന്ന് വിട്ടുപോയതാണ്. മാത്രമല്ല, എന്‍സിപിയുടെ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയുമായി സഹകരിക്കാനും അവര്‍ തീരുമാനിച്ചു. ഞങ്ങള്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയാണ് എന്ന വസ്തുത ഈ നോട്ടീസയച്ചവര്‍ മനസിലാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രഫുല്‍ പട്ടേല്‍ നേരത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹം അവകാശപ്പെടുന്നത് എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് എന്നാണ്. എന്‍സിപിയുടെ ഭരണഘടനയില്‍ ഒരിടത്തും വര്‍ക്കിംഗ് പ്രസിഡന്റ് എന്നൊരു പദവിയില്ല. ഇല്ലാത്തൊരു പദവി വച്ച് നോട്ടീസയയ്ക്കാനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി പോകാനും അദ്ദേഹത്തിന് യാതൊരു അവകാശവുമില്ല – അദ്ദേഹം വിശദമാക്കി.

വിഷയം നിയമപരമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറും അജിത് പവാറും തമ്മിലുള്ള ഭിന്നിപ്പില്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുകയാണെന്നും അതില്‍ അന്തിമ തീരുമാനമാകുന്നത് വരെ മറ്റൊരു തലത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം കണ്ട് ആരും പനിക്കണ്ട. പ്രത്യേകിച്ച് ബിജെപി. രാജി അസംഭവ്യമായ കാര്യം, അത് സ്വപ്നം മാത്രമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*