സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കാത്തിരിക്കുന്ന ഘട്ടത്തില്‍ വിവിധ ജന സമൂഹങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ സജീവമാണ്. കേരളത്തിലെ വോട്ടര്‍മാരില്‍ പാതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ അനുകൂലമാക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് മുന്നണികള്‍.രാഷ്ട്രീയം പറയാന്‍ ഇരു മുന്നണികളും പ്രചാരണ ജാഥകളുമായി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പിണറായി സര്‍ക്കാര്‍ വിജ്ഞാപനം അടക്കം പുറത്തിറക്കിയ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ വോട്ടിനു വേണ്ടിയുള്ള മല്‍സരം മുറുകുകയാണ്.
2021 ലെ തെരഞ്ഞെടുപ്പ് വേളയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷം എടുത്ത ശക്തമായ നടപടികളായിരുന്നു ഇടതു മുന്നണി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള തുറുപ്പ് ചീട്ടായി ഉപയോഗിച്ചത്. ഇത്തവണ ഇതേ ചുവട് പിടിച്ച് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ശക്തമായി നിലകൊള്ളുന്നത് ഇടതു മുന്നണിയാണെന്ന് വികസന മുന്നേറ്റയാത്രകളില് വിശദീകരിക്കാന്‍ തന്നെയാണ് സി പിഎം തീരുമാനം. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ മൂന്നാംവട്ടവും ഇടതുമുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യതകള്‍ വിശകലനം ചെയ്യുന്ന ഡോ.ടി എം തോമസ് ഐസകിന്റെ ലേഖനം ശ്രദ്ധേയമാകുന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ലേഖകന്‍ ഇടതുപക്ഷത്തില്‍ നിന്ന് ന്യൂനപക്ഷം അകന്നു എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് സമര്‍ത്ഥിക്കാനാണ് പീപ്പീള്‍സ് ഡെമോക്രസിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഇതിനായി മുന്നണികളുടെ വോട്ട് വിഹിത കണക്കുകള്‍ കൂടി അദ്ദേഹം നിരത്തുന്നുണ്ട്. വിജയ സാധ്യത മാനദണ്ഡമാക്കി ഇടതുമുന്നണി ഇക്കുറി കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തുമെന്ന് സൂചനകളുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖരില്‍ തോമസ് ഐസകിന്റെ പേരും ഇടംപിടിക്കുമെന്ന സൂചനകള്‍ക്കിടയിലാണ് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അതൃപ്തി മാറ്റാനും അടിത്തറ ചോര്‍ന്നില്ലെന്ന് തെളിയിക്കാനും അണികള്‍ക്ക് ആത്മവിശ്വാസം പകരാനും കണക്കുകള്‍ നിരത്തി ഐസക്ക് ലേഖനം പ്രസിദ്ധീകരിച്ചത്.
ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഒരു മുന്നണിയും തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലിരുന്ന ചരിത്രമില്ല. എന്നാല്‍ കഴിഞ്ഞ തവണ ഇടതുപക്ഷ മുന്നണിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കേരളത്തിലെ ജനത തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലേറ്റിയത്. ഇക്കുറി വീണ്ടും ഒരു അഞ്ച് വര്‍ഷം കൂടി ഇടതുമുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ അവസരം നല്‍കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
ഇത് കേരളത്തിലെ ഇടതുമുന്നണിക്ക് മാത്രമല്ല രാജ്യത്തെ മൊത്തം ഇടത് ശക്തികള്‍ക്കും ഏറെ നിര്‍ണായകമായ ഒരു ചോദ്യമാണ്. കാരണം രാജ്യത്ത് ഇടത് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം എന്നത് തന്നെയാണ്.
ഐക്യജനാധിപത്യ മുന്നണി ഇപ്പോള്‍ തന്നെ ഒരു പതിറ്റാണ്ടായി സംസ്ഥാനത്ത് അധികാരത്തിന് പുറത്താണ്. ആദ്യമായാണ് അവര്‍ക്ക് ഇത്തരമൊരു അനുഭവം. അത് കൊണ്ട് തന്നെ ഇക്കുറി ഏത് വിധേനെയും തിരികെ അധികാരത്തിലെത്തണമെന്ന് തന്നെയാണ് അവരാഗ്രഹിക്കുന്നത്. അതിന് വേണ്ടിയുള്ള തീവ്രമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നുമുണ്ട്. ഇനിയും ഒരു അഞ്ച് കൊല്ലം കൂടി അധികാരമില്ലാതെ ഇരിക്കേണ്ടി വന്നാല്‍ അത് തങ്ങളുടെ അത്യന്തികമായ നാശമായിരിക്കുമെന്നും അവര്‍ വിലയിരുത്തുന്നുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ തുടര്‍ച്ചയായ പരാജയങ്ങളും കോണ്‍ഗ്രസിന് ഒരു വിജയം അനിവാര്യമാക്കിയിരിക്കുകയാണ്. നിയമസഭയില്‍ നിലവില്‍ പ്രാതിനിധ്യമില്ലാത്ത ബിജെപിയ്ക്കും ഇക്കുറി തങ്ങളുടെ സാന്നിധ്യം അറിയിക്കണമെന്ന തീവ്രമായ മോഹമുണ്ട്.
തദ്ദേശ തെരഞ്ഞടുപ്പ്
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2025ല്‍ നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടു. തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ 577 ഗ്രാമ പഞ്ചായത്തുകളിലെ ഇടതുമുന്നണിയുടെ വ്യക്തമായ ആധിപത്യം ഇക്കുറി 340ലേക്ക് കുത്തനെ ഇടിഞ്ഞു. 111 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നത് 63 ആയി കുറഞ്ഞു. പതിനൊന്ന് ജില്ലാ പഞ്ചായത്തുകളിലെ ആധിപത്യം ഏഴിലേക്ക് ചുരുങ്ങുകയും ചെയ്തു.
നഗരമേഖലകളിലും വന്‍ തിരിച്ചടിയാണ് ഇടതുമുന്നണിക്കുണ്ടായത്. അഞ്ച് നഗരസഭകളില്‍ ഭരണമുണ്ടായിരുന്ന ഇടതുമുന്നണിക്ക് ഇക്കുറി ഒരൊറ്റ നഗരസഭയിലേക്ക് ചുരുങ്ങേണ്ടി വന്നു. മുനിസിപ്പാലിറ്റികളിലാകട്ടെ 43ല്‍ 29 ലേക്കും ഇടതുമുന്നണിക്ക് ചുരുങ്ങേണ്ടി വന്നു. ഇതിന് സമാനമായ ഒരു തിരിച്ചടി ഇടതുമുന്നണിക്ക് ഉണ്ടായത് 2010ലാണ്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റിനാണ് ഇടതുമുന്നണിക്ക് അധികാരം നഷ്ടമായത്.
ഇക്കുറി കാര്യങ്ങള്‍ ഏറെ വ്യത്യസ്തമാണ്. വിവിധ മുന്നണികളുടെ വോട്ട് വിഹിതം പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് വ്യക്തമാകും. ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ വോട്ട് വിഹിതത്തില്‍ 6.37ശതമാനം വര്‍ദ്ധനയുണ്ടായി. എന്നാല്‍ ഇത് ഐക്യജനാധിപത്യമുന്നണിയുെട 43.21ശതമാനത്തെ മറികടക്കാന്‍ തെല്ലും പര്യാപ്തമല്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഇടതുമുന്നണിയുടെ പക്കല്‍ നാല്‍പ്പത് ശതമാനം വോട്ട് ഇപ്പോഴുമുണ്ട്. അത് കൊണ്ട് തന്നെ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം നേരിയതാണ്.
നിയമസഭയുടെ കാര്യത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് 81 മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ട്. ഇടതുമുന്നണിക്കാകട്ടെ കേവലം 57 മണ്ഡലങ്ങളില്‍ മാത്രമാണ് മേല്‍ക്കൈ ഉള്ളത്. എന്നാല്‍ 32 മണ്ഡലങ്ങളില്‍ ആയിരത്തിനും പതിനായിരത്തിനുമിടയിലാണ് ഇവരുടെ ഭൂരിപക്ഷം. ദേശീയ ജനാധിപത്യ സഖ്യത്തിന് കേവലം രണ്ട് മണ്ഡലങ്ങളില്‍ മാത്രമേ ഭൂരിപക്ഷമുള്ളൂ.
എന്‍ഡിഎയുടെ വോട്ട് വിഹിതം പതിനാറ് ശതമാനമാണ്. 2020 പ്രാദേശിക തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയതിനെക്കാള്‍ നേരിയ മുന്‍തൂക്കം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 19.4ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് 15.6ശതമാനമായിരുന്നു. ഇതാണ് അമിത് ഷാ പോലെയുള്ള നേതാക്കളില്‍ 2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടാനാകുമെന്ന പ്രതീക്ഷ ഉണ്ടാക്കിയത്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയുടെ അടിസ്ഥാന വോട്ട് വിഹിതം പതിനഞ്ച് പതിനാറ് ശതമാനത്തിനിടയില്‍ തത്തിക്കളിയ്ക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കക്ഷികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇത്തരമൊരു പ്രവണത കാണാം. ഇത്തരത്തില്‍ ഐക്യജനാധിപത്യമുന്നിയിലേക്ക് പോയ ധാരാളം ന്യൂനപക്ഷ വോട്ട് തിരികെ ഇടതുമുന്നണിയിലേക്ക് വന്നിട്ടില്ല. ഐക്യജനാധിപത്യ മുന്നണിയുടെ വോട്ട് വിഹിതത്തില്‍ കേവലം 2.19ശതമാനം മാത്രമാണ് കുറവുണ്ടായിട്ടുള്ളത്.
വോട്ടിങ് ശൈലി ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇപ്പോഴും ഇടതുമുന്നണിക്ക് നാല്‍പ്പത് ശതമാനം വോട്ടുണ്ട്. ജനസംഖ്യയുടെ പകുതിയും ന്യൂനപക്ഷമാണെന്നിരിക്കെ ഇവരുടെ നാലിലൊന്ന് വോട്ടെങ്കിലും ലഭിക്കാതെ ഇടതുമുന്നണിക്ക് ഇത്രയും വലിയൊരു വോട്ട് വിഹിതം ഉണ്ടാക്കാനാകില്ലെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഐക്യജനാധിപത്യമുന്നണിയുടെ വര്‍ഗീയ രാഷ്ട്രീയം
ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ തകര്‍ത്ത് അദ്ധ്വാനവര്‍ഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഇടതുമുന്നണി എക്കാലവും ശ്രമിച്ചിട്ടുള്ളത്. ജാതി മത വികാരങ്ങള്‍ ചൂഷണം ചെയ്തല്ല ഇടത് മുന്നണി കേരളത്തിന്റെ മണ്ണില്‍ വേരുപിടിച്ചത്. മറിച്ച് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വര്‍ഗ സംഘടനകളാണ് ഇടത് പക്ഷം രൂപീകരിച്ചത്. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തു. ഇടതു മുന്നണി സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ പെന്ഷന് വര്‍ദ്ധിപ്പിക്കുകയും വനിതകളടക്കമുള്ളവരുടെ സുരക്ഷാ ഉറപ്പാക്കുകയും ചെയ്തു. സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. അതേസമയം തന്നെ സംഘപരിവാറിനെതിരെ ഒരു കോട്ട തീര്‍ത്ത് ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാനും സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളാനും ഇടതു കക്ഷികള്‍ എന്നും ജാഗ്രത പുലര്‍ത്തി.
എന്നാല്‍ ഐക്യജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം എന്നും വ്യത്യസ്തമായിരുന്നു. ഇവര്‍ എന്നും വര്‍ഗീയ ശക്തികളുമായി സമരസപ്പെട്ടാണ് മുന്നോട്ട് നീങ്ങിയത്. പരസ്പരം പോരടിക്കുന്ന വര്‍ഗീയ കക്ഷികളെ പോലും കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി ഇവര്‍ ഒരു കുടക്കീഴില് അണിനിരത്തി. 1961ല്‍ ഇഎംഎസിനെ പരാജയപ്പെടുത്താന്‍ അവര്‍ ജനസംഘത്തെ കൂട്ടുപിടിച്ചു. വടകരയിലെയും ബേപ്പൂരിലെയും കോണ്‍ഗ്രസ്–ലീഗ്- ബിജെപി കൂട്ടുകെട്ട് കേരള ചരിത്രത്തിലെ ഏറ്റവും നാണം കെട്ട അധ്യായങ്ങളാണ്.
ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഒരു ദശാബ്ദമായി ഐക്യജനാധിപത്യമുന്നണിക്ക് അധികാരമില്ല. എങ്ങനെയും അധികാരത്തില്‍ തിരിച്ചെത്താനുള്ള ഏകമാര്‍ഗമായി അവര്‍ കണ്ടെത്തിയിരിക്കുന്നത് വര്‍ഗീയവികാരങ്ങള്‍ ഉണര്‍ത്തുക എന്നതാണ്. ഐക്യജനാധിപത്യ മുന്നണിഇപ്പോള് നടത്തുന്നത് തീക്കളിയാണ്. അവരുടെ പരമ്പരാഗത സഖ്യകക്ഷിയായ മുസ്ലീം ലീഗിനൊപ്പം ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും അവര്‍ തങ്ങളുടെ പാളയത്തിലെത്തിച്ച് സിപിഎമ്മും ഇടതുമുന്നണിയും ഹിന്ദുത്വ വര്‍ഗീയത കളിക്കുന്നുവെന്ന ഒരു പ്രതീതി സൃഷടിക്കാനാണ് അവരുടെ ശ്രമം. പലപ്പോഴും അവര്‍ അവസരവാദികളാണ് ചില നിര്‍ണായകഘട്ടങ്ങളില്‍ അവര്‍ ബിജെപിയുമായും ചില തന്ത്രപരമായ ധാരണകളില്‍ എത്തുന്നു.
ഇതാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ നാം കണ്ടത്. ബിജെപി വിജയിച്ച മിക്ക വാര്‍ഡുകളിലും ഐക്യജനാധിപത്യ മുന്നണിയുടെ വോട്ട് വിഹിതത്തില്‍ നിര്‍ണായകമായ ഇടിവുണ്ടായിട്ടുണ്ടെന്ന് നമുക്ക് കാണാനാകും. ഇത്തരത്തില്‍ ബിജെപി ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് ധാരണ പല പ്രാദേശിക ഭരണകൂടങ്ങളിലും ഉണ്ടായതായി നമുക്ക് കാണാം.
ഐക്യജനാധിപത്യ മുന്നണിയുടെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും കടുത്ത പ്രചാരണങ്ങളിലൂടെ സിപിഎമ്മിനും ഇടതുമുന്നണിക്കും മേല്‍ ഒരു ഹിന്ദുത്വ പരിവേഷം ചാര്‍ത്താന്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് സാധിച്ചു. ഇത് തെരഞ്ഞെടുപ്പ് വേളയില്‍ ചില ന്യൂനപക്ഷത്തെ പ്രത്യേകിച്ച് മുസ്ലീങ്ങളെ സ്വാധീനിക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ നമുക്ക് കാണാം. മൂന്നാംവട്ടവും അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നാല്‍ അവര്‍ ഇരവാദവുമായി രംഗത്തെത്തും. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീയം ഇടത് -ബിജെപി ധ്രുവീകരണത്തിലേക്ക് കടക്കും. ഐക്യ ജനാധിപത്യ മുന്നണി എന്നത് തരി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന സ്ഥിതിയിലുമാകും. ഇത്തരമൊരു പ്രചരണം ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകളെ സ്വാധിനിക്കാം.
ഭരണവിരുദ്ധ വികാരമില്ലായ്മ
ഭരണവിരുദ്ധ വികാരമാകില്ല തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക എന്നത് ഉറപ്പാണ്. പത്ത് വര്‍ഷമായി തുടരുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ ഭരണം മൂലം സംസ്ഥാനത്ത് നിന്ന് അതീവ ദാരിദ്ര്യം തുടച്ച് നീക്കാനായി. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പാര്‍പ്പിടങ്ങള്‍, 600 രൂപയായിരുന്ന പെന്ഷന് രണ്ടായിരമാക്കി ഉയര്‍ത്തി സാമൂഹ്യസുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ നേട്ടങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. വീട്ടമ്മമാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയടക്കം നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ചു. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, പാര്ക്കുക് തുടങ്ങിസുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ബജറ്റിലും ബജറ്റ് അനുബന്ധ പദ്ധതികളിലും ഉള്‍പ്പെടുത്തി നടപ്പാക്കി. രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയതെന്ന് ഇടത് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു.
ഇത്തരം പദ്ധതികള്‍ സാധാരണക്കാരുടെ ക്ഷേമം ഉയര്‍ത്തി. അടിസ്ഥാന സൗകര്യ ദൗര്‍ലഭ്യങ്ങള്‍ മറികടന്ന് നമക്ക് വൈജ്ഞാനിക സമ്പദ്ഘടനയായി മാറാനായി. ഇടതിന്റെ എക്കാലത്തെയും ശക്തമായ അടിത്തറയായ പരമ്പരാഗത വോട്ടര്‍മാരായ സാധാരണക്കാരുടെയും മധ്യവര്‍ഗത്തിന്റെയും വികസന ആശങ്കകള്‍ പരിഹരിക്കാന്‍ ഇതിലൂടെ സര്‍ക്കാരിന് കഴിഞ്ഞു. ഇതെല്ലാമാണ് 2021ല്‍ ഇടതുമുന്നണിക്ക് രണ്ടാമൂഴം സമ്മാനിച്ചത്.
ഇപ്പോള്‍ എന്താണ് വ്യത്യാസം? കേന്ദ്രസര്‍ക്കാര്‍ നിരന്തരം സംസ്ഥാനത്തിനുള്ള ഫണ്ടുകള്‍ നിഷേധിക്കുന്നു. ഒപ്പം കടമെടുപ്പ് പരിധിയും പരിമിതപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ സംസ്ഥാനത്ത് ധനപ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതെല്ലാം തന്നെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുകയും കുടിശിക വരികയും ചെയ്യുന്നു. ഇതെല്ലാം തന്നെ ഇടതിനെ പിന്തുണയ്ക്കുന്നവരില്‍ പോലും അതൃപ്തിയുണ്ടാക്കിയിരിക്കുന്നു. ഇതാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് ഫല വിശകലനത്തിന് ശേഷം ഇടതുമുന്നണി ചെലവ് പരിഗണന പുതുക്കി നിശ്ചയിച്ചു. ക്ഷേമ പദ്ധതികളില്‍ കുടിശിക വരുത്താതിരിക്കാനും അവ ക്രമേണ വര്‍ദ്ധിപ്പിക്കാനും ശ്രമിച്ചു.
ജനങ്ങളില്‍ നിന്ന് പഠിക്കുക എന്ന നയമാണ് ഇടതുമുന്നണി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി അവര്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. ഭവന സന്ദര്‍ശനം പോലെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. എല്ലാ തലങ്ങളിലുമുള്ള എല്ലാ നേതാക്കളും ഇതില്‍ പങ്കാളികളാകുന്നു. ജനറല്‍ സെക്രട്ടറി മുതല്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും വരെ ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളാകുന്നു. ഇവര്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടുന്നു. ഇതേ തുടര്‍ന്ന് അയല്‍ക്കൂട്ട യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
കേന്ദ്രനയങ്ങള്ക്കതെിരെ ശക്തമായ പ്രചാരണം
കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണങ്ങള്‍ ഇടതുമുന്നണി നടത്തുന്നുണ്ട്. ഇതേക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കലാണ് ഇവരുടെ പ്രാഥമിക ഉദ്ദേശ്യം. കഴിഞ്ഞ മാസം പന്ത്രണ്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരെ ഏകദിന ധര്‍ണ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ മുഴുവന്‍ മന്ത്രിമാരും എംഎല്‍എമാരും ഇതില്‍ അണിനിരന്നു. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഇടതുമുന്നണി മൂന്ന് യാത്രകളും സംഘടിപ്പിച്ചിരിക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലൂടെയും ജാഥ കടന്ന് പോകും. യഥാര്‍ത്ഥത്തില്‍ ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തൊടൊപ്പം കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സംസ്ഥാന വ്യാപക പ്രതിഷേധം കൂടിയാണ്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറി, ബജറ്റ് അവഗണന എന്നിവയും ശക്തമായ പ്രചാരണ ആയുധങ്ങളായി ഇരുമുന്നണികളും ഉപയോഗിക്കുമെന്നുറപ്പാണ്. തൊഴില്‍ ചട്ട ഭേദഗതിയും പ്രചാരണ ആയുധമാകും. ഇടതുമുന്നണി ലോക്കല്‍ കമ്മിറ്റികളില്‍ ഒരു പൊതുയോഗമെങ്കിലും കുറഞ്ഞത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
മാധ്യമങ്ങള്‍ പുതിയതും പഴയതും
രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കതും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കുഴലൂത്തുകാരായി മാറിയിരിക്കുന്നുവെന്നൊരാരോപണം ഇടത് വലത് മുന്നണികള്‍ക്കുണ്ട്. കേരളത്തില്‍ ഇവ ഇടതിനെതിരെ യോജിച്ചിരിക്കുന്നുവെന്നും ആരോപിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും വന്‍ തോതില്‍ തെരഞ്ഞെടുപ്പ് മാനേജര്‍മാരെ വന്‍തുക പ്രതിഫലം നല്കി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നുവെന്ന് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നു. വന്‍തോതില്‍ പണമിറക്കിയുള്ള കളികളാണ് ഇവര്‍ കളിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കും വലിയതോതില്‍ പണം ചെലവിടുന്നു. കോണ്‍ഗ്രസും ബിജെപിയും ഇടതും എല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ഫലപ്രദമായി സമൂഹവുമായി സംവദിക്കാമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇടതുമുന്നണി രണ്ട് തരത്തിലാണ് പ്രധാനമായും ജനങ്ങളുമായി സംവദിക്കുന്നത്. നേരിട്ടും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും. ഒപ്പം ഇടതിന് സ്വന്തമായി പത്രങ്ങളും ചാനലും മാസികകളുമൊക്കെയുണ്ട്. ഇടത് നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ ചെറുക്കുക എന്നത് തന്നെയാകും ഇവരുടെ പ്രാഥമിക അജണ്ട. ഇടത് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
വിദഗ്ദ്ധര്‍ പറയുന്നത്
എന്നാല്‍ എന്ത് വില കൊടുത്തും ജയിച്ച് കയറുക എന്നതാണ് ഐക്യജനാധിപത്യ മുന്നണിയുടെ ലക്ഷ്യം. കാരണം ഇക്കുറിയില്ലെങ്കില്‍ ഇനിയില്ല എന്നതാണ് ഇവരുടെ സ്ഥിതിയെന്ന് കേരള സര്‍വകലാശാല മുന്‍ പ്രൊവൈസ്ചാന്സലറും രാഷ്ട്രതന്ത്ര വകുപ്പ് റീഡറും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ ഡോ.ജെ പ്രഭാഷ് വിലയിരുത്തുന്നു. ഇതേ സ്ഥിതി തന്നെയാണ് ഇടതിനുമുള്ളത്. രാജ്യത്ത് അവശേഷിക്കുന്ന ഈ കനലൊരു തരി കെടാതെ സൂക്ഷിക്കേണ്ടത് അവരുടെയും ആവശ്യമാണ്. എന്നാല്‍ യുഡിഎഫിന് അനുകൂലമായ ധാരാളം ഘടകങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടതു മുന്നണിയില്‍ പിണറായി വിജയന് ശേഷം ആരെന്ന വലിയൊരു ചോദ്യം ഉയരുന്നുണ്ട്. രണ്ടാം നിര നേതൃത്വത്തിന്റെ അഭാവം മുന്നണിയില്‍ വലിയ തോതിലുണ്ട്. എന്നാല്‍ ഐക്യജനാധിപത്യമുന്നണിയിലാകട്ടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് താരതമ്യേന യുവാവാണ്. ഇതിന് പുറമെ ഇടതിന്റെ ശക്തമായ താന്‍പോരിമയും ധാര്‍ഷ്ട്യവും ജനങ്ങളില്‍ മടുപ്പുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. അഴിമതി അടക്കമുള്ള ആരോപണങ്ങളില്‍ ഇടതിന് മുഖം നഷ്ടമായ സാഹചര്യവുമുണ്ട്.
ശക്തമായ ബദലാകാന്‍ ബിജെപിക്ക് കഴിയാത്തിടത്തോളം കാലം ഇടതിന് പകരം ഐക്യജനാധിപത്യ മുന്നണി മാത്രമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലുള്ള പോംവഴിയെന്നും ഡോ.പ്രഭാഷ് ചൂണ്ടിക്കാട്ടുന്നു. ഇടതിന്റെ ഇടം നഷ്ടമായിരിക്കുന്നു എന്ന വ്യക്തമായ സൂചന തന്നെയാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലവും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലവും മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.



Be the first to comment