‘ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാം’; അറബ് -ഇസ്ലാമിക് ഉച്ചകോടിയിൽ ആഹ്വാനം

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അറബ് -ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ഉച്ചകോടിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. മധ്യസ്ഥ രാജ്യത്തെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുന്ന നടപടിയെന്ന് നേതാക്കളുടെ സംയുക്ത പ്രസ്താവന.

ഇസ്രയേൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതും അതിൽ നടപടി ആവശ്യപ്പെടുന്നതുമാണ് അറബ് – ഇസ്ലാമിക ഉച്ചകോടി പാസാക്കിയ പ്രമേയം. ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇസ്രയേലുമായുള്ള സാമ്പത്തിക – നയതന്ത്ര ബന്ധങ്ങളിൽ അംഗരാഷ്ട്രങ്ങൾ പുനഃരാലോചന നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്തീൻ പ്രശ്നം മറച്ചുപിടിച്ചോ അവരുടെ അവകാശങ്ങൾ അവഗണിച്ചോ പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാകില്ല. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പലസ്തീൻ പ്രശ്നത്തിലെ ശാശ്വതമായ ഏക പോംവഴിയെന്നും പ്രമേയത്തില്‍ പറയുന്നു.

ജിസിസി കൗൺസിൽ പ്രതിരോധ കൗൺസിൽ വിളിച്ചു ചേർക്കാനും തീരുമാനമായി. ഇറാൻ പ്രസിഡന്‍റ് ഉച്ചകോടിക്ക് നേരിട്ടെത്തിയതും ശ്രദ്ധേയമായി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇറാൻ, സിറിയ പ്രസിഡന്‍റുമാരെ പ്രത്യേകം കണ്ടു . അറബ് – ഇസ്ലാമിക് ലോകത്തെ ഒരാളെ ആക്രമിച്ചാൽ അത് കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കാൻ നിർദേശമുയർന്നു. അബ്രഹാം കരാറിനെ ഉൾപ്പെടെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

പ്രതിരോധ രംഗത്ത് ഉള്‍പ്പെടെ ഒന്നിച്ച് നിന്ന് ചെറുക്കാനും ജിസിസി കൂട്ടായ്മ തീരുമാനിച്ചു. ഉച്ചകോടിക്ക് പിന്നാലെ ഇന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തും. ഖത്തറിന് പിന്തുണ അറിയിച്ചേക്കും. ഇസ്രയേൽ സന്ദർശനത്തിന് ശേഷമാണ് മാർക്കോ റൂബിയോ ഖത്തറിലെത്തുന്നത്. എന്താകും ഖത്തർ നേതാക്കളുടെ മുന്നിൽ വെച്ചെടുക്കുന്ന പരസ്യ നിലപാടെന്നതും ശ്രദ്ധേയമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*