വിരമിക്കലിനുശേഷം ഗ്യാരണ്ടീഡ് വരുമാനം ഉറപ്പാക്കുന്ന, പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ സ്‌കീമാണ് സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍. ഒറ്റയ്ക്കും ജോയിന്റായിട്ടുമുള്ള ആന്വിറ്റികള്‍ക്ക് നിരവധി ആന്വിറ്റി ഓപ്ഷനുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, നോണ്‍ലിങ്ക്ഡ്, ആന്വിറ്റി പ്ലാനാണ്. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല. നിക്ഷേപകര്‍ക്ക് പ്രതിമാസം 20,000 രൂപ വരെ പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.
ഒറ്റ പ്രീമിയത്തില്‍ സ്ഥിരവരുമാനം ഉറപ്പുനല്‍കുന്ന ആന്വിറ്റി സ്‌കീമാണിത്. വിശാലമായ ആന്വിറ്റി ഓപ്ഷനുകളില്‍ ആവശ്യമനുസരിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പ്രധാനമായി സിംഗിള്‍ ലൈഫ് ആന്വിറ്റി, ജോയിന്റ് ലൈഫ് എന്നിവയില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഇതില്‍ ലഭ്യമാണ്. വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, ത്രൈമാസികം, പ്രതിമാസം എന്നിങ്ങനെ ആന്വിറ്റി പേയ്‌മെന്റ്( വരുമാനം) വാങ്ങാനുള്ള സൗകര്യമാണ് മറ്റൊന്ന്. പ്രീമിയം അടച്ചാല്‍ ഉടന്‍ സ്ഥിരമായി വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയില്‍ അംഗമാകുന്നവരുടെ മരണശേഷം പണം എങ്ങനെ നല്‍കണമെന്ന് പദ്ധതില്‍ ചേരുന്ന സമയത്ത് തെരഞ്ഞെടുക്കാനാവും. ഉയര്‍ന്ന തുകയ്ക്ക് പോളിസി എടുക്കുകയാണെങ്കില്‍ ഇന്‍സെന്റീവുകള്‍ ലഭിക്കും. നിലവിലുള്ള പോളിസി ഉടമയ്ക്കും നോമിനിക്കും ഇന്‍സെന്റീവുകള്‍ ലഭിക്കുന്ന തരത്തിലാണ് സ്‌കീം.
ചുരുങ്ങിയത് ഒരു ലക്ഷം രൂപയാണ് പ്രീമിയം. 18 വയസുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. പരമാവധി പ്രായം ആന്വിറ്റി ഓപ്ഷന്‍ അനുസരിച്ച് 65 മുതല്‍ 100 വയസു വരെയാണ്. പോളിസി ഏജന്റുമാര്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയും വാങ്ങാവുന്നതാണ്. www.licindia.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പോളിസിയില്‍ ചേരേണ്ടത്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) വരിക്കാര്‍ക്കും വ്യക്തിഗത അപേക്ഷകര്‍ക്കും ഈ പദ്ധതി ലഭ്യമാണ്.
ആനുകൂല്യങ്ങള്‍
1. മരണ ആനുകൂല്യ ഓപ്ഷനുകള്‍:
എല്‍ഐസി സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍ വരിക്കാരന്റെ മരണശേഷം നോമിനിക്ക് മൊത്തമായി തുക അനുവദിക്കുന്നു. മാത്രമല്ല, ആനുകൂല്യം മറ്റൊരു ആന്വിറ്റിയാക്കി മാറ്റാനുള്ള ഓപ്ഷനും ഉണ്ട്. അല്ലെങ്കില്‍ 5, 10 അല്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ തവണകളായും സ്വീകരിക്കാം.
2. ലിക്വിഡിറ്റി ഓപ്ഷന്‍:
അഞ്ചു വര്‍ഷത്തിനുശേഷം, നിക്ഷേപിച്ച തുകയുടെ 60 ശതമാനം വരെ പിന്‍വലിക്കാം.
3. വായ്പാ സൗകര്യം:
പോളിസി ആരംഭിച്ച തീയതി മുതല്‍ മൂന്ന് മാസത്തിന് ശേഷമോ അല്ലെങ്കില്‍ ഫ്രീ ലുക്ക് പിരീഡ് അവസാനിച്ചതിന് ശേഷമോ, ഏതാണോ പിന്നീട് വരുന്നത്, അപ്പോള്‍ പോളിസി ഉടമകള്‍ക്ക് വായ്പകള്‍ നേടാന്‍ എല്‍ഐസി അനുവദിക്കുന്നു. പെട്ടെന്നുള്ള അടിയന്തര സാഹചര്യങ്ങളിലോ ബുദ്ധിമുട്ടുള്ളതോ അപ്രതീക്ഷിതമോ ആയ സാഹചര്യങ്ങളിലോ വ്യക്തികള്‍ക്ക് ഫണ്ട് നേടാനും ആക്സസ് ചെയ്യാനും ഇത് അനുവദിക്കുന്നു. അതും പോളിസി അവസാനിപ്പിക്കാതെ തന്നെ.
20,000 രൂപ പ്രതിമാസ പെന്‍ഷന്‍ എങ്ങനെ നേടാം?
എല്‍ഐസി സ്മാര്‍ട്ട് പെന്‍ഷന്‍ സ്‌കീം പ്രകാരം പ്രതിമാസം 20,000 രൂപ പെന്‍ഷന്‍ നേടുന്നതിന് കുറഞ്ഞത് 30 ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കേണ്ടി വരും. തെരഞ്ഞെടുക്കുന്ന ആന്വിറ്റി, പ്രായം എന്നിവയെ ആശ്രയിച്ച് ഈ തുകയില്‍ മാറ്റങ്ങള്‍ വരാം എന്നും മനസിലാക്കുക.



Be the first to comment