മെസ്സി ഡല്‍ഹിയില്‍; പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പോയതിനാല്‍ മോദി-മെസ്സി കൂടിക്കാഴ്ച നടന്നില്ല

അര്‍ജന്റീന താരം ലയണല്‍ മെസ്സി ഡല്‍ഹിയില്‍. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പോയതിനാല്‍ മോദി – മെസ്സി കൂടികാഴ്ച നടന്നില്ല. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിയിലെത്തിയ മെസ്സിയെ മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.സി.സി ചെയര്‍മാന്‍ ജയ്ഷാ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

രാവിലെ 10.45 ന് ഡല്‍ഹിയിലെത്തിയ മെസ്സി സ്വകാര്യ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി കൂടികാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോകുകയായിരുന്നു. ജോര്‍ദാന്‍,ഒമാന്‍, എത്യോപ്യ തുടങ്ങി രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. മോദിയുമായുള്ള കൂടികാഴ്ച റദ്ദാക്കിയതിന് പിന്നാലെ മെസ്സി ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെത്തി. പുകമഞ്ഞിന്റെ പശ്ചാത്തലത്തില്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് 2.45 നാണ് മെസ്സിയെത്തുന്നത്. ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ഐ.സി.സി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ജയ്ഷാ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് മെസ്സിയെ സ്വീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പത്താം നമ്പര്‍ ജേഴ്‌സി ജയ്ഷാ മെസ്സിക്ക് സമ്മാനിച്ചു.

കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് ഒടുവില്‍ ഡല്‍ഹിയിലെത്തിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പരിപാടികള്‍ക്ക് ശേഷം ക്രിക്കറ്റ് താരം വിരാട് കോഹ്ലി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഡല്‍ഹിയില്‍ നിന്ന് മടങ്ങുകയെന്നതാണ് റിപ്പോര്‍ട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*