റീല്‍സ്, വാട്സ്ആപ്പ് ഗ്രൂപ്പ് നിരീക്ഷണം കര്‍ശനമാക്കി; സൈബര്‍ പോലീസിന് നിര്‍ദേശം നല്‍കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമായ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള റീല്‍സുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കര്‍ശനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നല്‍കുന്ന റീല്‍സുകളും വാട്സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചര്‍ച്ചകളും നിരീക്ഷിക്കാന്‍ പോലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയിസ് ക്ലിപ്പുകള്‍, വിഡിയോകള്‍, അനിമേഷനുകള്‍, ഇമേജ് കാര്‍ഡുകള്‍ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗണ്‍സ്‌മെന്റുകളില്‍ ജാതി, മതം, തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരാമര്‍ശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീര്‍ത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയില്‍ വരുന്ന എല്ലാ വ്യവസ്ഥകളും തെരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.

പാര്‍ട്ടികളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യുകയും ഉത്തരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പ്രചാരണത്തില്‍ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*