വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം, പ്രതിപക്ഷ എം പി മാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായ വിബി-ജി റാം ജി ബില്‍, 2025 നടപടിക്രമങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ ഉണ്ടായ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. സഞ്ജയ് ജയ്സ്വാള്‍ എംപിയാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ നോട്ടീസ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് എതിരെയാണ് നോട്ടീസ്. എസ്. മുരസൊളി, കെ. ഗോപിനാഥ്, ശശികാന്ത് സെന്തില്‍, എസ്. വെങ്കിടേശന്‍, ജോതിമണി തുടങ്ങിയവരെ കുറിച്ചും നോട്ടീസില്‍ പരാമര്‍ശമുണ്ട്.

സഭാ നടപടികള്‍ക്കിടെ അംഗങ്ങള്‍ മോശം പദങ്ങള്‍ ഉപയോഗിച്ചു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു, ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മേശയ്ക്ക് അരികിലെത്തി പ്രതിഷേധിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കൃഷി, ഗ്രാമവികസന മന്ത്രിയെയും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരെയും തടസ്സപ്പെടുത്തി അവര്‍ സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. സഭയെ അവഹേളിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭരണ പക്ഷ എംപി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, വികസിത് ഭാരത് റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) വിബി ജി റാം ജി പദ്ധതി, ആണവോര്‍ജ്ജത്തിന്റെ സുസ്ഥിര ഉപയോഗവും വികസനവും സംബന്ധിച്ച ബില്‍ തുടങ്ങിയ സുപ്രധാന നിയമ നിര്‍മാണങ്ങള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും ഇന്ന് അവസാനിച്ചു. കഴിഞ്ഞ 1-ാം തീയതി ആണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. വന്ദേമാതരം, വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണം, ഡല്‍ഹി വായു മലിനീകരണം, തിരുപ്പറന്‍കുണ്ഡ്രം വിഷയം എന്നിവയിലും ഇത്തവണത്തെ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നു.

Be the first to comment

Leave a Reply

Your email address will not be published.


*