നാടുമാറുമ്പോള്‍ പേരു മാറിയാലും ഗുണത്തില്‍ മാറ്റമില്ല, കാഴ്ചയും ഹൃദയവും സംരക്ഷിക്കുന്ന ലൂബിക്ക മാജിക്ക്

നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒരു കുഞ്ഞൻ പഴമാണ് ലൂബിക്ക. പ്രദേശം മാറുന്നതനുസരിച്ച് പല പേരിൽ ഇവ അറിയപ്പെടാറുണ്ട്. റൂബിക്ക, ലോലോലിക്ക, ലൗലോലിക്ക അങ്ങനെ പോകും. പ്ലം വിഭാ​ഗത്തിൽ പെടുന്ന ഇവയെ ഇന്ത്യൻ ചെറി അല്ലെങ്കിൽ ഇന്ത്യൻ കോഫി പ്ലം എന്നൊക്കോയാണ് ഇം​ഗ്ലീഷുകാർ വിളിക്കുന്നത്. പുളി രുചിയാണ് ലൂബിക്കയില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ എണ്ണം പൊതുവെ കുറവാണ്.

ലൂബിക്കയുടെ ആരോഗ്യഗുണങ്ങള്‍

പച്ച നിറത്തില്‍ മരത്തില്‍ നിറയെ കായ്ച്ചു നില്‍ക്കുന്ന ഇവ പഴുക്കുമ്പോള്‍ നല്ലതു പോലെ ചുവന്ന് തുടുത്തു വരും. പഴത്ത ലൂബിക്കയ്ക്ക് അല്‍പസ്വല്‍പം മധുരവും ഉണ്ടാകും. ഈ പരുവത്തിലാണ് പലര്‍ക്കും ലൂബിക്ക പ്രിയപ്പെട്ടതാകുന്നത്.

അങ്ങനെ രക്തചുവപ്പ് നിറത്തില്‍ തുടുത്തു നില്‍ക്കുന്ന ലൂബിക്കയില്‍ ധാരാളം ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മുതല്‍ ഹൃദയാരോഗ്യം വരെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ആന്‍റിഓക്സിഡന്‍റുകള്‍

ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സി ഉള്‍പ്പെടുയുള്ള ആന്‍റിഓക്സിഡന്‍റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീറാഡിക്കലുകളെ ചെറുത്ത് ചര്‍മത്തിന്‍റെ യുവത്വം സംരക്ഷിക്കാനും സഹായിക്കും.

മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസ് അളവു ക്രമീകരിക്കുന്നതിലൂടെ പ്രമേഹ രോഗികള്‍ക്കും ലൂബിക്ക ധൈര്യമായി കഴിക്കാം. മറ്റൊരു പ്രത്യേകത, അമിതവണ്ണവും കുടവയറുമുള്ളവരുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറച്ചുകൊണ്ട് ചീത്ത കൊളസ്ട്രോൾ ഒഴിവാക്കാൻ സഹായിക്കുമെന്നതാണ്. ഇത് ഹൃദയാരോ​ഗ്യത്തിന് പ്രധാനമാണ്. മാത്രമല്ല, മിതമായ അളവിൽ കഴിക്കുന്നത് ഹൃദയധമനികളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. എല്ലുകളുടെയും തലച്ചോറിന്റെയും ആരോ​ഗ്യം മെച്ചപ്പെടുത്താൻ ലൂബിക്ക നല്ലൊരു മാർ​ഗമാണ്.

ലൂബിക്ക എങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ലൂബിക്ക പച്ചയ്ക്കോ പാകം ചെയ്തോ കഴിക്കാം. ലൂബിക്ക ഉപ്പിലിട്ടതും അച്ചാറുമാണ് നാട്ടിന്‍പുറങ്ങളിലെ പ്രധാന ലൂബിക്ക വിഭവങ്ങള്‍. മീന്‍ കറിയില്‍ പുളിക്ക് പകരം ലൂബിക്ക അരിഞ്ഞു ചേര്‍ക്കാറുണ്ട്. നല്ലതു പോലെ പഴുത്ത ലൂബിക്ക ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുന്നവരുമുണ്ട്. കൂടാതെ ലൂബിക്ക ജാം ഉണ്ടാക്കാനും നല്ലതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*